കരുവന്നൂർ; കേരളപ്പിറവി ദിനത്തിൽ പ്രതിഷേധ നടത്തം പ്രഖ്യാപിച്ച് നിക്ഷേപകൻ
text_fieldsതൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പ്രതിഷേധ നടത്തം പ്രഖ്യാപിച്ച് നിക്ഷേപകൻ. നേരത്തേ തിരുവോണനാളിൽ പട്ടിണിസമരം നടത്തിയ ഇരിങ്ങാലക്കുട മാപ്രാണം കുറുപ്പം റോഡ് വടക്കേത്തല വീട്ടിൽ ജോഷിതന്നെയാണ് ഒറ്റയാൻ പ്രതിഷേധ സമരം പ്രഖ്യാപിച്ചത്. നവംബർ ഒന്നിന് കരുവന്നൂർ ബാങ്കിന് മുന്നില്‍നിന്ന് തൃശൂർ കലക്ടറേറ്റിലേക്കാണ് ഒറ്റക്കുള്ള നടത്തം. കരുവന്നൂർ ബാങ്ക് കൊള്ള വിഷയം കാലങ്ങളായി മൂടിവെക്കുകയും സഹകാരികളെ കഷ്ടത്തിലാക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് നടത്തമെന്ന് ജോഷി പറഞ്ഞു.
തിരുവോണ ദിവസം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ വീടിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു ജോഷി. വർഷങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടം, ഉമിനീർ ഗ്രന്ഥിയിലും വോക്കൽ കോഡിലും ട്യൂമർ എന്നിവയെ തുടർന്ന് 21 തവണ ശസ്ത്രക്രിയക്ക് വിധേയനായ ജോഷി നിക്ഷേപവും കൂട്ടുപലിശയും കോടതിച്ചെലവും ആവശ്യപ്പെട്ടാണ് സമരത്തിനൊരുങ്ങുന്നത്. ഇന്റേണൽ ഓഡിറ്ററും ടാക്സ് പ്രാക്ടീഷനറുമായ ജോഷിക്ക് രോഗംമൂലം ജോലി ചെയ്യാനുമാകുന്നില്ല.
ഒന്നര കൊല്ലം കഴിഞ്ഞിട്ടും നിക്ഷേപം കിട്ടാത്തതിനാൽ ഹൈകോടതിയിൽ കൊടുത്ത കേസ് ബാങ്ക് ഉറപ്പു നൽകിയതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ജോഷിയുടെ ഹരജിയെ തുടർന്നാണ് നിക്ഷേപത്തിന്റെ 10 ശതമാനവും പലിശയുടെ പകുതിയും ആവശ്യപ്പെടുന്ന എല്ലാ നിക്ഷേപകർക്കും കൊടുക്കാമെന്ന് സർക്കാർ സമ്മതിച്ചത്. കരുവന്നൂർ ബാങ്കിൽ നിക്ഷേപകരെത്തുന്നു എന്ന് ഭരണസമിതി പറയുമ്പോഴും ചികിത്സക്കും ജീവിതച്ചെലവിനും പണം കിട്ടുന്നില്ലെന്ന പരാതിക്കും കുറവില്ല. ഏഴുലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സക്കും ജീവിതച്ചെലവിനും പണം നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപക റജീന സെബാസ്റ്റ്യനും രംഗത്തെത്തി.
അതിനിടെ പ്രതിസന്ധിയിലായ ബാങ്കിലേക്ക് നിക്ഷേപങ്ങളെത്തുന്നത് നിക്ഷേപകർക്കും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കും ആശ്വാസകരമാണ്. കരുവന്നൂർ ബാങ്ക് കൺസോർട്യത്തിലേക്ക് തൃശൂർ സർവിസ് സഹകരണ ബാങ്ക് 20 ലക്ഷം നൽകി. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ല ടൂറിസം വികസന സഹകരണ സംഘവും 20 ലക്ഷം ഒരു കൊല്ലത്തേക്ക് കഴിഞ്ഞ ദിവസം നിക്ഷേപിച്ചിരുന്നു.
നേരത്തേ ഇരിങ്ങാലക്കുട നഗരസഭ സി.ഡി.എസ് ചെയര്പേഴ്സൻ ഷൈലജ ബാലനും ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയിരുന്നു. എന്നാൽ, കേരള ബാങ്കിന്റെ സഹായം പൂർണമായി ലഭിച്ചാലേ നിക്ഷേപകരുടെ തുക മുഴുവനായും നൽകാനാവൂ എന്നാണ് പറയുന്നത്. അതേസമയം, നവംബർ ഒന്നുമുതൽ നിക്ഷേപകർക്ക് കൂടുതൽ തുക നൽകുമെന്നും അതിനുള്ള പദ്ധതി തയാറാക്കിയെന്നും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ പി.കെ. ചന്ദ്രശേഖരൻ പറഞ്ഞു.
തൃശൂർ സഹകരണ ബാങ്കിന് 6.29 കോടിയുടെ അറ്റലാഭം
ഇടക്കിടെ വരണമെന്ന് ഇ.ഡിക്ക് എം.കെ. കണ്ണന്റെ പരിഹാസം
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയരായ തൃശൂർ സർവിസ് സഹകരണ ബാങ്കിന് 2022 -23 സാമ്പത്തിക വർഷത്തിൽ 6.29 കോടി അറ്റലാഭമെന്ന് ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണൻ. അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകാൻ പൊതുയോഗത്തിൽ ശിപാർശ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഞായറാഴ്ച ചേരുന്ന ബാങ്ക് പൊതുയോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ഇ.ഡി അന്വേഷണത്തെ എം.കെ. കണ്ണൻ നിശിതമായി വിമർശിച്ചു. ഇ.ഡി പരിശോധനകൊണ്ട് ചില ഒറ്റപ്പെട്ട നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടു. അങ്ങനെ പിൻവലിക്കപ്പെട്ട നിക്ഷേപം വൈകാതെ തിരിച്ചുവന്നു. കരുവന്നൂർ ബാങ്കിൽ ഇപ്പോൾ നിക്ഷേപകർ വരി നിൽക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്കിനെയും സംശയനിഴലിൽ നിർത്തുകയായിരുന്നു ഇ.ഡി. കേസിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള സതീഷ് കുമാറിന്റെ പേരിൽ ഒരു നയാപൈസയുടെ ഇടപാടും തൃശൂർ സർവിസ് സഹകരണ ബാങ്കിൽ ഇ.ഡിക്ക് കണ്ടെത്താനായിട്ടില്ല. കോടികളുടെ ഇടപാട് നടന്നെന്നായിരുന്നു ചിലരുടെ ആരോപണം. അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്ന് പറഞ്ഞ കണ്ണൻ കുറ്റമറ്റ രീതിയിൽ ബാങ്ക് മുന്നോട്ടുപോകാൻ ഇടക്കിടെ ഇ.ഡി വരട്ടെയെന്നും പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.