ദയാവധത്തിന് അനുമതി തേടി കരുവന്നൂരിലെ നിക്ഷേപകൻ
text_fieldsതൃശൂർ: ദയാവധത്തിന് അനുമതി തേടി കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകൻ. മാടായിക്കോണം വില്ലേജിൽ മാപ്രാണം കുറുപ്പം റോഡിൽ താമസിക്കുന്ന വടക്കേത്തല വീട്ടിൽ ജോഷിയാണ് (53) ദയാവധത്തിന് അനുമതി തേടി ഹൈകോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹരജി നൽകിയത്. കരുവന്നൂർ സഹകരണ ബാങ്കിലെ ലക്ഷങ്ങളുടെ നിക്ഷേപം തിരിച്ച് കിട്ടാത്ത സാഹചര്യത്തിലാണ് ജോഷിയുടെ നീക്കം.
20 വർഷത്തിനിടെ രണ്ട് തവണ ട്യൂമർ ഉൾപ്പെടെ 21 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്ന തന്റെയും കുടുംബത്തിന്റേയും മുഴുവൻ സമ്പാദ്യവും കരുവന്നൂർ സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചത്. മന്ത്രി കൂടിയായ ഇരിങ്ങാലക്കുട എം.എൽ.എയോട് വിവരം പറയാൻ പലവട്ടം ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. അഞ്ചു തവണ കരുവന്നൂർ ബാങ്കിലും കലക്ടർക്കും നവകേരള സദസ്സിലും പരാതി കൊടുത്തുവെങ്കിലും നടപടിയൊന്നുമില്ല. ഹൈകോടതിയിൽ കേസ് നടത്തി, ഒന്നര വർഷമായിട്ടും തീരുമാനമായില്ല.
എറണാകുളത്തേക്ക് യാത്ര ചെയ്ത് കോടതി കാര്യങ്ങൾ അന്വേഷിക്കാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാൽ കേസ് പിൻവലിച്ചു. തുടർചികിത്സയും മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിലെ സാമ്പത്തിക ചുമതലകളും ചെലവുകളും താറുമാറായി. കടുത്ത വേദനകൾ അറിയാത്ത വിധം ശരീരം മാറി. ഇത്തരം അവസ്ഥയിൽ മരണമല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല. ഇനിയും യാചിച്ചിട്ടു കാര്യമില്ലാത്തതിനാലും മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലും ജീവിതം കോടതി അറിവോടെ ജനുവരി 30ന് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ദയാവധ ഹരജി സ്വീകരിച്ച് അനുവാദം തരണമെന്നാണ് ജോഷി ചീഫ് ജസ്റ്റിസിന് അയച്ച ഹരജിയിൽ പറഞ്ഞത്. മുഖ്യമന്ത്രിക്കും അപേക്ഷ അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.