ചരിത്രത്തിൽ കാനന സൗന്ദര്യത്തിന്റെ ഇരിപ്പിടമൊരുക്കി കസേരപ്പാറ
text_fieldsഅതിരപ്പിള്ളി: പ്രകൃതിയിലേക്കും ചരിത്രത്തിലേക്കും വിദൂര കാഴ്ചയൊരുക്കി മലക്കപ്പാറയിലെ കസേരപ്പാറ. മലക്കപ്പാറ തമിഴ്നാട്, കേരള അതിർത്തിയിൽ അധികമാരും കാണാത്ത വ്യൂ പോയന്റാണ് കസേരപ്പാറ. ഓഫ് റോഡ് യാത്രയുടെ സാഹസികത ഇഷ്ടപ്പെടുന്നവർക്കേ ഇവിടെയെത്താനാവൂ. കൊളോണിയൽ കാലത്തെയും രാജകീയ കാലഘട്ടത്തിന്റെയും തിരുശേഷിപ്പ് കൂടിയാണ് ഇവിടം.
ആനമല അന്തർ സംസ്ഥാന പാതയിൽ നിന്ന് മൈലാടുംപാറ വഴിയും ചെക്ക് പോസ്റ്റിനടുത്ത് തമിഴ്നാട്, കേരള അതിർത്തിയിലൂടെയും ഇവിടെയെത്താം. മനോഹരമായ വ്യൂ പോയിന്റാണിത്. കാട്ടുപാതയിലൂടെ 16 കിലോമീറ്റർ പിന്നിട്ട് കസേരപ്പാറയിലെത്തുന്നത് സാഹസികമായ യാത്രാനുഭൂതിയാണ്. ആ യാത്രയിൽ തമിഴ്നാട്-കേരള അതിർത്തിയിലെ അവസാനത്തെ വീടും കാണാം. അധികം പേർക്കും ടാറ്റ ടീ എസ്റ്റേറ്റിനുള്ളിലെ ഈ പ്രദേശത്തെ കുറിച്ച് വലിയ ധാരണയില്ല. അതിനാൽ വിനോദ സഞ്ചാരികൾ അധികം ഇവിടെയെത്താറുമില്ല. ഇവിടം സന്ദർശിക്കണമെങ്കിൽ ടാറ്റ ടീ എസ്റ്റേറ്റ് അധികൃതരുടെ അനുമതി ആവശ്യവുമാണ്.
കോടമഞ്ഞിൽ കുളിരണിഞ്ഞ് നിൽക്കുന്ന കസേരപ്പാറയിലും പരിസരത്തും നട്ടുച്ചയ്ക്ക് പോലും കുളിർമ നിറഞ്ഞ അനുഭവമാണ്. കാട്ടാനയും കാട്ടുപോത്തും വിവിധ തരം പക്ഷികളുമുള്ള താഴ്വാരങ്ങളുടെ വിദൂര ദൃശ്യം മനസിനെയും കുളിരണിയിക്കും. തേയില തോട്ടത്തിന് സമീപത്തെ ഒരു വലിയ പാറയുടെ മുകളിൽ കല്ലിൽ കൊത്തിയെടുത്ത ഒരു കസേരയാണ് ഇവിടത്തെ പ്രധാന നിർമിതി.
ആരാണ് ഇത് നിർമിച്ചതെന്ന് സൂചനയില്ല. അവിടെ ഇരുന്ന് നോക്കിയാൽ താഴ് വാരത്തിന്റെ ദൃശ്യം ലഭിക്കും. മലക്കപ്പാറ, വാൽപ്പാറ എന്നിവിടങ്ങളിൽ നിബിഡമായ വനങ്ങൾ വെട്ടിത്തെളിച്ച് തേയിലത്തോട്ടങ്ങൾ ഉണ്ടാക്കിയ സായിപ്പ് പ്രകൃതി ഭംഗി ആസ്വദിച്ചിരുന്ന സ്ഥലമാണിതെന്ന് സംസാരമുണ്ട്. മദ്രാസ്, തിരു-കൊച്ചി അതിർത്തി കൂടിയായതിനാൽ പാറയിൽ രാജകീയ മുദ്ര കൊത്തി വച്ചിട്ടുണ്ട്. ഇവിടേക്ക് യാത്രാ സൗകര്യമൊരുക്കിയാൽ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.