കേരള സാഹിത്യ അക്കാദമിയുടെ 'മലയാള സാഹിത്യ ചരിത്രം'; സാമ്പത്തിക വിനിയോഗത്തിൽ വിജിലൻസ് അന്വേഷണം
text_fieldsതൃശൂർ: കേരള സാഹിത്യ അക്കാദമി ലക്ഷങ്ങൾ ചെലവിട്ട് പകുതിയിലധികം പ്രസിദ്ധീകരിച്ച് തെറ്റുകളെ തുടർന്ന് നിർത്തിവെച്ച 'മലയാള സാഹിത്യ ചരിത്ര'ത്തിന്‍റെ സാമ്പത്തിക വിനിയോഗത്തിൽ വിജിലൻസ് അന്വേഷണം.
ഒമ്പത് വാല്യങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിൽ ആറ് വാല്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് അക്കാദമിതന്നെ നിയോഗിച്ച പ്രത്യേക സമിതി, അബദ്ധങ്ങൾ നിറഞ്ഞതാണെന്നും പ്രസിദ്ധീകരിച്ചത് വിപണിയിലെത്തിക്കാൻ കഴിയില്ലെന്നും കണ്ടെത്തിയിരുന്നു. പെരുമ്പടവം ശ്രീധരൻ പ്രസിഡന്‍റായിരുന്ന കാലത്താണ് മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഒമ്പത് വാല്യങ്ങളിലായി സമ്പൂർണ സാഹിത്യ ചരിത്രം പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി 80 ലക്ഷം രൂപയും വകയിരുത്തി. വിവിധ വിഭാഗങ്ങളിലായി സാഹിത്യ ചരിത്രങ്ങൾ ഉണ്ടെന്നിരിക്കെ മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിക്കുന്നതിനെതിരെ അന്നുതന്നെ നിർവാഹക സമിതി അംഗങ്ങളിൽ ചിലർ എതിർപ്പുയർത്തിയിരുന്നു. 27 ലക്ഷം രൂപ ചെലവഴിച്ചാണ് ആറ് വാല്യങ്ങളുടെ ആറായിരം കോപ്പികൾ അച്ചടിച്ചത്. ഇതിനിടയിലാണ് പിഴവുകളുണ്ടെന്ന് ആക്ഷേപമുയർന്നത്. ഇതോടെ അച്ചടി നിർത്തി. പിന്നീട് വന്ന വൈശാഖൻ പ്രസിഡന്‍റായ സമിതിയാണ് പിഴവുകൾ സംബന്ധിച്ച ആക്ഷേപത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. മാസങ്ങൾക്കകംതന്നെ സമിതി വിശദ റിപ്പോർട്ട് നൽകുകയും ചെയ്തു. തെറ്റ് തിരുത്തി പ്രസിദ്ധീകരിക്കുകയോ, മറ്റൊന്ന് തയാറാക്കുകയോ മാത്രമാണ് ചെയ്യാനാവുക. നിലവിൽ ഇപ്പോൾ ചെലവിട്ട തുക കനത്ത നഷ്ടമാണ് അക്കാദമിക്കുണ്ടാക്കിയത്.
അക്കാദമികളുടെ മുൻ സെക്രട്ടറിയും സാഹിത്യവിമർശം എഡിറ്ററുമായ സി.കെ. ആനന്ദൻപിള്ള വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായി സി.കെ. ആനന്ദൻപിള്ളയിൽനിന്ന് വിജിലൻസ് മൊഴിയെടുത്തു.
അക്കാദമിയുടെ വിവിധ രേഖകളും ശേഖരിച്ചു. വൈകാതെ തന്നെ പ്രാഥമികാന്വേഷണ റിപ്പോർട്ട് നൽകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ സൂചന നൽകുന്നത്. 27 ലക്ഷത്തോളം രൂപ ചെലവിട്ട് അക്കാദമി പ്രസിദ്ധീകരിച്ച ഗ്രന്ഥസൂചികയുടെ ധനവിനിയോഗത്തിലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.