സന്തോഷ് ട്രോഫി മുഖ്യപരിശീലകൻ ബിനോ ജോർജ് സ്വീകരണത്തിരക്കിൽ
text_fieldsതൃശൂർ: നാട്ടിലെത്തിയ സന്തോഷ്ട്രോഫി മുഖ്യപരിശീലകൻ ബിനോ ജോർജ് സ്വീകരണത്തിരക്കിൽ. വൈകീട്ട് ആറിനാണ് തൃശൂർ ചെമ്പൂക്കാവ് മാസ്റ്റർ ലെയ്നിലെ വീട്ടിലെത്തിയത്. വൈകാതെ തൃശൂർ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വസതിയിലെത്തി അഭിനന്ദിച്ചു. കൗൺസിലർ റെജി ജോയും സന്ദർശിച്ചു. ലൂർദ് പുരത്ത് നാട്ടുകാരുടെ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്തു. ബുധനാഴ്ച കേരള ഫുട്ബാൾ അസോസിയേഷന്‍റെ സ്വീകരണത്തിന് കൊച്ചിയിലേക്ക് പോകും.
ജന്മനാടിന്‍റെ സ്വീകരണം നാളെ
തൃശൂർ: ജിജോ ജോസഫിന് ജന്മനാടിന്‍റെ സ്വീകരണം വ്യാഴാഴ്ച. വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ തിരൂർ പാരിഷ് ഹാളിലാണ് പരിപാടി. അതിനുമുമ്പ് മുളങ്കുന്നത്തുകാവ് അമ്പലനടയിൽനിന്ന് തുറന്ന ജീപ്പിൽ ജിജോയെ വാദ്യഘോഷ അകമ്പടിയോടെ പാരിഷ് ഹാളിലെത്തിക്കും. റവന്യൂ മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, സേവ്യർ ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുക്കുമെന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു അറിയിച്ചു. ജിജോ കളിച്ചുവളർന്ന ക്ലബായ മുളങ്കുന്നത്തുകാവ് സോക്കർ ക്ലബിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒരുക്കം തുടങ്ങിയതായും അറിയിച്ചു.
ടീം സമ്മർദം അതിജീവിച്ചത് വിജയ കാരണം -ടി.ജി. പുരുഷോത്തമൻ
തൃശൂർ: ആദ്യഘട്ടത്തിൽ തിരിച്ചടി നേരിട്ട ടീം സമ്മർദം അതിജീവിച്ചതാണ് വിജയത്തിന് കാരണമായതെന്ന് സഹ പരിശീലകൻ ടി.ജി. പുരുഷോത്തമൻ. കൂനംമൂലയിലെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു.
2001, 2004 സന്തോഷ്ട്രോഫി കേരളത്തിലെത്തിയപ്പോൾ ടീമിന്‍റെ ഭാഗമായിരുന്ന പുരുഷോത്തമനിത് ഹാട്രിക് മധുരം കൂടിയാണ്. ബുധനാഴ്ച രാവിലെ 11ന് കെ.എഫ്.എ സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങിൽ പുരുഷോത്തമൻ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.