കേരളവർമ വിധി; എല്ലാവർക്കും നെഞ്ചിടിപ്പ്
text_fieldsതൃശൂർ: ശ്രീകേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ വോട്ടുകൾ ഹൈകോടതി നിർദേശപ്രകാരം വീണ്ടും എണ്ണാനുള്ള ദിവസം ബുധനാഴ്ച തീരുമാനിക്കും. ചെയർമാൻ സ്ഥാനാർഥികളുടെയും സംഘടന പ്രതിനിധികളുടെയും യോഗം രാവിലെ 10ന് നടക്കും. അതിൽ തുടർനടപടികളും റീ കൗണ്ടിങ്ങും തീരുമാനിക്കുമെന്ന് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. വി.എ. നാരായണൻ അറിയിച്ചു.
വീണ്ടും വോട്ടെണ്ണാനുള്ള ഹൈകോടതി ഉത്തരവ് എസ്.എഫ്.ഐക്കും കെ.എസ്.യുവിനും ഒരേ സമയം നെഞ്ചിടിപ്പും ആഹ്ലാദവും ഉണ്ടാക്കുന്നതാണ്. നിലവിൽ ചെയർമാൻ സ്ഥാനത്തേക്ക് റീ കൗണ്ടിങ്ങിലൂടെ വിജയിച്ച അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കിയത് എസ്.എഫ്.ഐക്കും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിയത് കെ.എസ്.യുവിനും തിരിച്ചടിയാണെങ്കിലും ആഘാതം കൂടുതൽ എസ്.എഫ്.ഐക്കാണ്.
റീ കൗണ്ടിങ്ങും തുടർഫലവുമാണ് ഇനി നിർണായകം. രണ്ട് തവണ എണ്ണിയപ്പോൾ രണ്ട് തരത്തിലായിരുന്നു അസാധു വോട്ടുകൾ. ഈ കണക്ക് ഇനി പ്രസക്തമല്ല. വീണ്ടും എണ്ണുന്നതിലൂടെ കണ്ടെത്തുന്ന അസാധു വോട്ടുകളാണ് ഇനി പ്രധാനം.
ചെയർമാൻ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. എസ്.എഫ്.ഐയുടെ 41 വർഷത്തെ ചരിത്രം തിരുത്തിയാണ് കെ.എസ്.യുക്കാരനായ ശ്രീക്കുട്ടൻ യൂനിയൻ ചെയർമാനായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.
896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോൾ എസ്.എഫ്.ഐയുടെ ചെയർമാൻ സ്ഥാനാർഥി അനിരുദ്ധന് 895 വോട്ടായിരുന്നു. ഇതോടെ എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീകൗണ്ടിങ് വൈകിട്ട് ആറിന് തുടങ്ങിയെങ്കിലും രണ്ട് തവണയായി ഒരു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി.
ഇതേച്ചൊല്ലിയുള്ള കെ.എസ്.യുവിന്റെ എതിർപ്പുകൾക്കിടെ വോട്ടെണ്ണൽ പൂർത്തിയായത് അർധരാത്രിയാണ്. 11 വോട്ടിന് അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കെ.എസ്.യു രംഗത്ത് വരികയായിരുന്നു.
ഞങ്ങളുടെ വിജയം -ശ്രീക്കുട്ടൻ
റീകൗണ്ടിങ് സുതാര്യമായി നടന്നാൽ കെ.എസ്.യു വിജയിക്കുമെന്ന് കെ.എസ്.യു ചെയർമാൻ സ്ഥാനാർഥിയായിരുന്ന എസ്. ശ്രീക്കുട്ടൻ. റീ കൗണ്ടിങ് തിരിമറി കോടതി തിരച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു വിധിയുണ്ടായത്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം മുക്കാൽ വിജയം കൈവരിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ റീ കൗണ്ടിങ് സുതാര്യമായിരുന്നില്ല. കൗണ്ടിങ് സുതാര്യമായാൽ കെ.എസ്.യു വിജയിക്കുമെന്നും റീ കൗണ്ടിങ്ങിൽ സുതാര്യത ഉറപ്പാക്കിയില്ലെങ്കിൽ വീണ്ടും നിയമപോരാട്ടത്തിനിറങ്ങുമെന്നും ശ്രീക്കുട്ടൻ വ്യക്തമാക്കി.
റീ കൗണ്ടിങ് സുതാര്യമായി നടത്തും -പ്രിൻസിപ്പൽ
റീ കൗണ്ടിങ് സുതാര്യമായി നടത്തുമെന്നും കോടതി വിധിപ്രകാരം നടപടികൾ പൂർത്തിയാക്കുമെന്നും ശ്രീകേരളവർമ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി.എ. നാരായണൻ. കോടതി വിധി പഠിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കും. ബാലറ്റുകൾ ട്രഷറിയിലായിരുന്നു.
ഇപ്പോൾ കോളജിന്റെ സ്ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ലോക്കറിൽ സീൽ ചെയ്ത് വെച്ചിട്ടുണ്ട്. അസാധു വോട്ടിന്റെ കാര്യത്തിലടക്കം വിദ്യാർഥി യൂനിയൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് യൂനിവേഴ്സിറ്റി മാനദണ്ഡ പ്രകാരം നടപടി സ്വീകരിക്കും. റീ കൗണ്ടിങ് വിഡിയോയിൽ പകർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.