സന്തോഷ് ട്രോഫി: പൂരനാടിനും അഭിമാനമേറെ
text_fieldsതൃശൂർ: സന്തോഷ് ട്രോഫിയിൽ കേരളം വീണ്ടും മുത്തമിടുമ്പോൾ തൃശൂരിന് അഭിമാനിക്കാനേറെ. വിജയടീമിന്‍റെ മുഖ്യ പരിശീലകൻ, സഹപരിശീലകൻ, ക്യാപ്റ്റൻ എന്നിവർ ജില്ലയിലെ ഫുട്ബാളിലെ നിറസാന്നിധ്യമാണ്. ഇവരിൽ ബിനോയും പുരുഷോത്തമനും പാലസ് ഗ്രൗണ്ടിൽ പന്തുതട്ടി കളിച്ചുവളർന്നവർ. ജില്ലയിൽനിന്ന് പല പ്രമുഖ ഫുട്ബാളർമാരുണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഫുൾടീമായി നേട്ടമെത്തുന്നത് അപൂർവം. കെ.എസ്. ചാത്തുണ്ണി, വിക്ടർ മഞ്ഞില, സി.വി. പാപ്പച്ചൻ, ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി തുടങ്ങിയവരുടെ ഫുട്ബാൾ പാരമ്പര്യത്തിന് കൂട്ടായി ഈ ത്രയങ്ങളുമുണ്ട്.
മുഖ്യപരിശീലകനായ ബിനോ ജോർജ് ആദ്യമായാണ് സന്തോഷ് ട്രോഫിയിൽ പരിശീലകനായെത്തുന്നത്. കേരള യുനൈറ്റഡിന്‍റെ പരിശീലകനായി അടുത്തിടെയാണ് നിയമിതനായത്. കേരളത്തിന് 2004-05 കാലഘട്ടത്തിൽ സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ അംഗമെന്ന അനുഭവസമ്പത്തുമായാണ് പരിശീലന സഹായിയായി ടി.ജി. പുരുഷോത്തമനെത്തുന്നത്. എസ്.ബി.ടി, വാസ്കോ, മഹീന്ദ്ര, വിവ കേരള എന്നീ പ്രമുഖ ടീമുകളിൽ കളിച്ചിട്ടുണ്ട്.
രാജ്യത്തെ മികച്ച ഗോൾ കീപ്പറുകളിൽ ഒരാളായിരുന്നു. എഫ്.സി കേരള, കേരള ബ്ലാസ്റ്റേഴ്സ് (റിസർവ്) ടീമുകളുടെ മാനേജറായി. പുരുഷോത്തമൻ കേരളവർമ ടീമിന്‍റെ കോച്ചായിരുന്ന കാലത്താണ് ജിജോ ജോസഫ് ടീമിലെത്തുന്നത്. മുളങ്കുന്നത്തുകാവ് സോക്കർ ക്ലബിന്‍റെ മിന്നൽ താരമായിരുന്നു അക്കാലത്ത് ജിജോ. കളിക്കളത്തിലെ മികവിൽ സന്തോഷ് ട്രോഫി ടീമിൽ ഇടം കണ്ടെത്തി. വിവിധ ക്ലബുകളിൽ കളിച്ചുവരവെ എസ്.ബി.ടിയിൽ ക്ലർക്കായി ജോലി കിട്ടി.
ജോസഫ് റെയ്സിനെ ഓർക്കാം
വീണ്ടും സന്തോഷ് ട്രോഫി പെരുമ തൃശൂർ അവകാശപ്പെടുമ്പോൾ കോച്ച് ജോസഫ് റെയ്സിന്‍റെ പേര് ഓർക്കാതെ വയ്യ. മുഖ്യപരിശീലകൻ ബിനോയുടെയും പുരുഷോത്തമന്‍റെയും ഗുരുവാണ് ജോസഫ് റെയ്സ്.
1992 മുതൽ 94 വരെ തൃശൂർ പാലസ് പാലസ് ഗ്രൗണ്ടിൽ വെച്ച് ജോസഫ് റെയ്സിന്‍റെ ശിക്ഷണത്തിലായിരുന്നു ഇരുവരുടെയും പരിശീലനം. അന്നത്തെ ക്യാമ്പിലെ ജോപോൾ അഞ്ചേരി ഉൾപ്പെടെ മുപ്പതോളം താരങ്ങൾ ദേശീയതലത്തിൽ മികവുറ്റ കളിക്കാരായി.
കളിക്കാരനായും പരിശീലകനായും തിളങ്ങിയ നേട്ടം പുരുഷോത്തമന്
കളിക്കാരനായും പരിശീലകനായും സന്തോഷ് ട്രോഫി നേടുന്ന രണ്ടാമത്തെ മലയാളിയാണ് സന്തോഷ് ട്രോഫി സഹപരിശീലകൻ പുരുഷോത്തമൻ. പ്രമുഖ പരിശീലകനും താരവുമായ ജാഫറിന് മാത്രമേ നിലവിൽ ഈ നേട്ടമുള്ളൂ. 2001, 2004 സന്തോഷ് ട്രോഫി ടീമുകളിൽ കിരീടം നേടിയ കേരള ടീമിലെ താരമായിരുന്നു പുരുഷോത്തമൻ.
2001ൽ മുംബൈയിൽ നടന്ന ടൂർണമെന്‍റിൽ ഗോവയെ തോൽപിച്ചപ്പോഴും 2004ൽ ഡൽഹിയിൽ വെച്ച് പഞ്ചാബിനെ തോൽപിച്ചപ്പോഴും ഇദ്ദേഹം ടീമിന്‍റെ ഭാഗമായിരുന്നു.
നാട്ടുകാരുടെ ടുട്ടു
ജിജോ ജോസഫിന്‍റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പേരിനൊപ്പം ടുട്ടു എന്ന് കാണും. നാട്ടുകാരുടെ വിളിപ്പേരാണ് ടുട്ടു. കുഞ്ഞുപ്രായത്തിൽ ട്യൂഷൻ ടീച്ചറാണ് ആദ്യം അങ്ങനെ വിളിച്ചത്. പിന്നീട് വീട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം ജിജോ ടുട്ടുവായി.
കണ്ണടക്കാതെ ക്യാപ്റ്റന്‍റെ നാട്
തൃശൂർ: തിങ്കളാഴ്ച രാത്രി കാപ്റ്റന്‍റെ നാടായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് കണ്ണടച്ചിട്ടേയില്ല. സന്തോഷ് ട്രോഫിയിൽ കേരളം ജയിച്ചുവെന്നറിഞ്ഞപ്പോൾ തുടങ്ങി ആഘോഷങ്ങൾ. പടക്കവും അമിട്ടുമായി ജനം റോഡിലിറങ്ങി. അരങ്ങഴിക്കുളത്ത് ബിഗ്സ്ക്രീൻ പ്രദർശനം ഉണ്ടായിരുന്നു. വാദ്യഘോഷങ്ങളും ആർപ്പുവിളികളും എങ്ങും മുഴങ്ങി.
നാട്ടുകാർ കോഞ്ചേരിയിലെ ജിജോ ജോസഫിന്‍റെ വീട്ടിലേക്ക് ഒഴുകിയെത്തി. ജിജോയുടെ മാതാപിതാക്കളുടെ ഫോണിനും വിശ്രമമുണ്ടായില്ല. പല പ്രമുഖരും വിളിച്ചുവെന്ന് അവർ പറഞ്ഞു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബൈജുവടക്കം അഞ്ഞൂറോളം പേർ കളി നേരിൽ കാണാൻ മഞ്ചേരി പയ്യനാട്ടെത്തിയിരുന്നു. ട്രാവലറുകളിലും കാറുകളിലുമായി അവർ വൈകീട്ടോടെ എത്തി. പലർക്കും ടിക്കറ്റ് ഉണ്ടായിട്ടും കളി നേരിൽ കാണാൻ കഴിഞ്ഞില്ല. നേത്തേ റോഡ് അടച്ചതായിരുന്നു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ പുറത്ത് സജ്ജീകരിച്ച സ്ക്രീനിൽ കളി കണ്ടാണ് മടങ്ങിയത്.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ സുരേന്ദ്രൻ എന്നിവരും മഞ്ചേരിയിൽ എത്തിയിരുന്നു. മുളങ്കുന്നത്തുകാവ് സോക്കർ ക്ലബിന്‍റെ സഹകളിക്കാരനായിരുന്ന ജിജോ ജോസഫിനെ വിജയശേഷം നേരിൽ കണ്ട് അഭിനന്ദിച്ചാണ് പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു മടങ്ങിയത്. പുലർച്ച മൂന്നിനാണ് അവർ വീടണഞ്ഞത്. അേപ്പാഴും മുളങ്കുന്നത്തുകാവിലെ വിജയാഹ്ലാദം നിലച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.