അരനൂറ്റാണ്ടിലേറെയായി കണ്ടാണശ്ശേരിയിൽ മീൻ വിൽക്കുന്ന ഖാലിദിന് 'ജ്വാല'യുടെ ആദരം
text_fieldsഗുരുവായൂർ: ഇത്തവണത്തെ ഓണത്തിന് കണ്ടാണശ്ശേരിക്കാർ ആദരിച്ചത് നാടിെൻറ മനമറിഞ്ഞ ഖാലിദിക്കയെ. അരനൂറ്റാണ്ടിലധികമായി 'പൂയ്' എന്ന വിളിയോടെ തട്ടകത്തിലൂടെ മീനുമായി കടന്നുവരുന്ന ഖാലിദ്, കണ്ടാണശ്ശേരിക്കാർക്ക് മീൻകാരൻ മാത്രമല്ല. പലർക്കും സുഹൃത്തും കുടുംബാംഗവുമൊക്കെയാണ്.
എട്ടാം വയസ്സിലാണ് കണ്ടാണശ്ശേരിക്കാരൻ പുതുവീട്ടിൽ ഖാലിദ് മീൻകച്ചവടം തുടങ്ങിയത്. ഇപ്പോൾ 60 വയസ്സ് പിന്നിട്ടു. സൈക്കിളിൽ തുടങ്ങിയ കച്ചവടം ഇപ്പോൾ ഗുഡ്സ് ഓട്ടോയിലായിട്ടുണ്ട്. മീൻ കച്ചവടം അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോൾ ഖാലിദിെൻറ കണക്കുപുസ്തകത്തിലെ ലാഭം നാട്ടുകാരുടെ സ്നേഹസൗഹൃദങ്ങളാണ്.
കണ്ടാണശ്ശേരി മുതല്‍ കടവല്ലൂര്‍പാലം വരെയാണ് ഖാലിദിെൻറ കച്ചവട മേഖല. താൻ ദിവസവും കണ്ടുമുട്ടുന്നവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ ഖാലിദിനറിയാം. അതിനാൽതന്നെ പലപ്പോഴും കാശുനോക്കിയാവില്ല കച്ചവടം. കാശില്ലെന്ന് പറഞ്ഞ് മടങ്ങുന്നവരോട് 'കാശ് ഞാന്‍ ചോദിച്ചില്ലല്ലോ...നീ മീന്‍ കൊണ്ടക്കോ' എന്ന് പറഞ്ഞ് എടുത്തുകൊടുക്കും. നാട്ടുകാർ മാത്രമല്ല; നാട്ടിലെ പൂച്ചകളും ഖാലിദിെൻറ വരവും കാത്തിരിക്കാറുണ്ട്. അവരെയും തൃപ്തിപ്പെടുത്തിയാണ് യാത്ര. പ്രായമേറിയപ്പോൾ ഇളയ മകൻ ഷിഹാദ് ഉപ്പക്ക് കച്ചവടത്തിന് കൂട്ടുണ്ട്. പുലർച്ച നാലോടെ ആരംഭിക്കുന്ന ജോലി ഉച്ച വരെ തുടരും.
തൊഴിലിലെ ആത്മാർത്ഥതയും സത്യസന്ധതയുമാണ് ഖാലിദിന് നാട്ടുകാരുടെ ഹൃദയത്തിൽ ഇടം നൽകിയത്. 'ജ്വാല' സ്നേഹ കൂട്ടായ്മയാണ് ഓണാഘോഷ ചടങ്ങിൽ ഖാലിദിനെ ആദരിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. മോഹൻദാസ് ഉപഹാരം കൈമാറി. മോഹൻദാസ് എലത്തൂർ പൊന്നാട അണിയിച്ചു. അനു പുതുപ്പള്ളി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.