കണ്ണിനഴകായി കിഴൂർ പൂരം
text_fieldsകുന്നംകുളം: കോടതി നിർദേശം പാലിച്ച് നടന്ന കിഴൂർ കാർത്യായനി ദേവി ക്ഷേത്ര ഉത്സവം വർണാഭമായി. വൈകീട്ട് അഞ്ചുവരെ ആനകളെ റോഡിൽ ഇറക്കി എഴുന്നള്ളിപ്പിക്കരുതെന്ന നിർദേശത്തെ തുടർന്ന് അഞ്ചോടെയാണ് ക്ഷേത്രനടയിലേക്ക് ഗജവീരൻമാരുമായി പൂരാഘോഷങ്ങൾ എത്തിയത്.
30 ഉത്സവ ആഘോഷ കമ്മിറ്റികളാണ് പൂരത്തിൽ പങ്കെടുത്തത്. കമ്മിറ്റിക്കാർ തിടമ്പേറ്റിയ ഓരോ ആനകളുമായാണ് ക്ഷേത്രത്തിൽ എത്തിയത്. വൈകീട്ട് നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 30 ആനകൾ അണിനിരന്നു. ദേശ കമ്മിറ്റിക്കാർ ഉച്ചക്ക് ഒന്നോടെ പ്രാദേശിക മേഖലയിൽ എഴുന്നള്ളിപ്പ് ആരംഭിച്ചു.
അഞ്ചോടെയാണ് ക്ഷേത്രനടയിൽ ആഘോഷങ്ങൾ എത്തിയത്. ആനക്ക് മുൻവശത്ത് എട്ട് മീറ്റർ അകലത്തിൽ ജനങ്ങളെ തടഞ്ഞുള്ള ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. തുടർന്ന് നടന്ന പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി ഉണ്ണി നായർ നേതൃത്വം നൽകി. കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുത്ത ആനകളെ നിശ്ചിത അകലത്തിൽ തന്നെയാണ് നിർത്തിയിരുന്നത്.
തുടർന്ന് പരമ്പരാഗത വേലകളും തെയ്യവും ആഘോഷമായി ക്ഷേത്രാങ്കണത്തിലെത്തി. രാത്രി വിളക്കാചാര ചടങ്ങുകളോടെ കാർത്തിക വിളക്ക് എഴുന്നള്ളിപ്പും നടന്നു. രാത്രിയിൽ പൂരം എഴുന്നള്ളിപ്പ് നടന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചോടെ കൂട്ടി എഴുന്നള്ളിപ്പിന് ശേഷം ക്ഷേത്ര പ്രദക്ഷിണത്തോടെ പൂരം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.