നാട്ടുവിശേഷങ്ങളറിയാം; ഉത്തമന്റെ ഡയറിക്കുറിപ്പുകളിലൂടെ
text_fieldsപെരിഞ്ഞനം: കഴിഞ്ഞ 38 വർഷമായി ഡയറി എഴുത്തിൽ സജീവമാണ് പെരിഞ്ഞനം സ്വദേശിയും വ്യാപാരിയുമായ ഏറാട്ട് ഉത്തമൻ. വ്യക്തിപരമായ കാര്യങ്ങൾക്കു പുറമെ ഒരുദിവസത്തെ മുഴുവൻ സംഭവങ്ങളും ആ ഡയറിയിൽ സ്ഥാനം പിടിക്കും. ഉത്തമനുമായി അടുത്തിടപഴകുന്നവരുടെ വിശേഷങ്ങളും ഡയറി താളിൽ നിറയും.
ഇവിടെ തീരുന്നില്ല ഈ 53കാരന്റെ ഹോബികൾ. പഴയ നാണയങ്ങൾ, പ്രധാന സംഭവങ്ങളുടെ വിവിധ പത്ര കട്ടിങ്ങുകൾ, പങ്കെടുത്ത വിവാഹങ്ങളുടെ അറുന്നൂറിലധികം താങ്ക്സ് കാർഡുകൾ, മൺമറഞ്ഞ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ, പഴയ കാലത്തെ പാസ് പോർട്ടുകൾ, ലോകരാജ്യങ്ങളുടെ സ്റ്റാമ്പുകൾ തുടങ്ങി നീണ്ടനിര തന്നെയുണ്ട്. പഴമയും, പുതുമയും ഇഴചേർന്ന ദൃശ്യാനുഭവം ഉത്തമന്റെ വീട്ടകത്തെ വേറിട്ടതാക്കുന്നു.
മുറികളിലെ ഷെൽഫിൽ ഇവ ആൽബങ്ങളാക്കി സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. 1985 മുതലാണ് ഡയറിയെഴുത്തിനോട് ഉത്തമന് പ്രിയം തോന്നുന്നത്. പെരിഞ്ഞനം സെന്ററിലുള്ള സ്വന്തം കടയിയിലിരുന്ന് ഒഴിവ് സമയങ്ങളിലായിരുന്നു എഴുത്ത്. പിതാവ് കൊച്ചാണ്ടിയെ സഹായിക്കാനായിരുന്നു അന്ന് കടയിലെത്തിയിരുന്നത്.
ഡയറിയെഴുത്ത് ഹരമായതോടെ അതത് ദിവസം കടയിൽ വരുന്നവരുടെയും, പരിചയപ്പെടുന്നവരുടെയും മറ്റും വിശേഷങ്ങൾ ഉത്തമൻ ഡയറിയിലാക്കാൻ തുടങ്ങി. പിതാവിന്റെ മരണശേഷം കടയുടെ നടത്തിപ്പുകാരനായെങ്കിലും തിരക്കുകൾ ഡയറിയെഴുത്തിന് തടസ്സമായില്ല. അന്ന് മുതൽ എഴുതിയ ഡയറികളെല്ലാം ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. 1818 മുതലുള്ള നാണയങ്ങളാണ് മറ്റൊരു ശേഖരം.
ഓട്ടക്കാലണയുൾപ്പെടെ ശേഖരത്തിലുണ്ട്. പങ്കെടുത്ത കല്യാണങ്ങളുടെ താങ്ക്സ് കാർഡുകൾ കളയാതെ അതും ആൽബത്തിനുള്ളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.