ബി.ജെ.പി കുഴൽപ്പണ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു; പൊലീസ് മർദിച്ചെന്ന് പരാതി
text_fieldsതൃശൂർ: ബി.ജെ.പി കുഴൽപ്പണ കവർച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനെയാണ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേസിലെ 19ാം പ്രതിയാണ് ഇയാൾ. പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസിക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാർക്കും പൊലീസിനും മൊഴി നൽകി. തെൻറ രക്ഷിതാക്കളെയും അന്വേഷണ സംഘം പീഡിപ്പിക്കുന്നതായി എഡ്വിൻ പരാതിപ്പെട്ടു.
കൊടകര കുഴൽപ്പണ കേസിലെ കവർച്ചമുതൽ കണ്ടെടുക്കുന്നതിനായി തുടങ്ങിയ രണ്ടാംഘട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് മർദനവും മാനസിക പീഡനവും ഭീഷണിയും ഉൾപ്പെടെയുള്ള ആരോപണമുയർന്നിരിക്കുന്നത്. പ്രതികളെ എല്ലാവരേയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനെ തുടർന്ന് 10 ലക്ഷത്തോളം രൂപ അന്വേഷണ സംഘം കണ്ടെടുക്കുകയും ഒരാളെകൂടി പിടികൂടുകയും ചെയ്തു. മൂന്നുതവണ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നതായും കവർച്ച മുതൽ തിരികെ കൊണ്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടതായും എഡ്വിൻ പറയുന്നു. എന്നാൽ, കവർച്ചമുതലിൽ തനിക്ക് ലഭിച്ച വിഹിതം മുഴുവൻ പൊലീസ് പിടികൂടി കൊണ്ടുപോയെന്നും ബാക്കിയൊന്നും കൈയിലില്ലെന്നുമാണ് എഡ്വിൻ അന്വേഷണ സംഘത്തോടും വീട്ടുകാരോടും പറഞ്ഞിട്ടുള്ളത്.
സമീപ ദിവസങ്ങളിലായി നാലാം തവണ വിളിപ്പിച്ച ശേഷം തിരികെ വീട്ടിെലത്തിയ എഡ്വിൻ മാനസികമായും ശാരീരികമായും അവശനായിരുന്നുവത്രെ. ഇത് പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്നാണെന്ന് എഡ്വിൻ പറഞ്ഞതായി വീട്ടുകാർ പറയുന്നു. എഡ്വിെൻറ പിതാവിനെയും മാതാവിനെയും നിരന്തരം ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയിരുന്നു. ഇതു കാരണമായുള്ള കടുത്ത മാനസിക സമ്മർദം താങ്ങാനാവാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് എഡ്വിൻ ഡോക്ടർമാരോട് പറഞ്ഞത്.
ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകര മേൽപാലത്തിന് സമീപത്തുവെച്ച് കാറിൽ കൊണ്ടുവരുകയായിരുന്ന മൂന്നര കോടി രൂപ കവർന്ന സംഭവമുണ്ടായത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിന് എത്തിച്ച പണമാണ് കവർന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതുവരെയായി ഒന്നര കോടിയോളമാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി പണം കണ്ടെത്താനാണ് രണ്ടാംഘട്ട അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.