നെല്ലായി കടവിലെ തോണി ദുരന്തത്തിന് ഇന്ന് 30 ആണ്ട്; പാലം യാഥാർഥ്യമാകുന്നതും കാത്ത് നാട്ടുകാർ
text_fieldsകൊടകര: കുറുമാലിപ്പുഴയിലെ നെല്ലായി കടവില്‍ കടത്തുതോണി മറിഞ്ഞ് അഞ്ചു ജീവന് പൊലിഞ്ഞിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. 1992 മാര്‍ച്ച് 11നാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. 11 പേരെ കയറ്റി മറുകരയിലേക്ക് തുഴഞ്ഞുനീങ്ങിയ കടത്തുവഞ്ചി പുഴയുടെ മധ്യത്തിലെത്തിയപ്പോൾ കീഴ്മേല്‍ മറിയുകയായിരുന്നു.
കടവിനോട് ചേര്‍ന്നുള്ള പമ്പ്ഹൗസിലെ താല്‍ക്കാലിക ഓപ്പറേറ്ററായ പന്തല്ലൂര്‍ സ്വദേശി അശോകനും ചെങ്ങാലൂര്‍ സ്വദേശി ആന്റണിയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. ഇവരാണ് ബാക്കി ആറ് പേരെ രക്ഷപ്പെടുത്തിയത്. രാഷ്ട്രപതിയുടെ ജീവന് രക്ഷാപതക് സമ്മാനിച്ച് രാജ്യം ഇവരെ ആദരിച്ചിരുന്നു.
പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായിയേയും പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂര്‍ ശ്രീനാരായണപുരത്തേയും ബന്ധിപ്പിക്കുന്നതാണ് നെല്ലായി കടവ്. തോണിയപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ പാലം നിർമിക്കണമെന്ന ആവശ്യത്തിന് ശക്തിയേറി.
ദുരന്തം നടന്ന് ഒരാഴ്ചക്കകം അന്നത്തെ ഇരിങ്ങാലക്കുട എം.എല്‍.എ ലോനപ്പന് നമ്പാടന് നിയമസഭയില്‍ സബ്മിഷനിലൂടെ പാലത്തിനായുള്ള ആവശ്യം ഉന്നയിച്ചു. ആവശ്യം പരിഗണിക്കാമെന്ന് ജലസേചന മന്ത്രി സബ്മിഷന് മറുപടിയും നല്കി. ഈ ഉറപ്പില്‍ വിശ്വസിച്ച് നാട്ടുകാര്‍ കാത്തിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. പറപ്പൂക്കര പഞ്ചായത്തധികൃതരും നാട്ടുകാരും വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളും പല തവണയായി നിവേദനങ്ങൾ നൽകിയിരുന്നു.
ദേശീയപാത 47ലെ നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ സ്റ്റോപ്പില്‍ നിന്ന് അമ്പതുമീറ്റര്‍ ദൂരത്തിലാണ് കടവ്. ചെങ്ങാലൂര്‍ പ്രദേശത്തുനിന്നുള്ള വിദ്യാർഥികളടക്കമുള്ള നൂറുകണക്കിനാളുകള്‍ ഇവിടെ പുഴ കടന്നാണ് ദേശീയപാതയിലെത്തുന്നത്. കടവില്‍ പുഴക്ക് ശക്തമായ അടിയൊഴുക്കുണ്ട്. മുപ്പതടിയിലേറെയാണ് ഇവിടെ പുഴയുടെ ആഴം എന്നതിനാല്‍ തോണിയാത്ര അപകടം നിറഞ്ഞതാണ്. മഴക്കാലമായാല്‍ ജീവന് പണയം വെച്ചാണ് യാത്രക്കാര്‍ മറുകര കടക്കുന്നത്.
പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ.യുടെ പരിശ്രമഫലമായി ഏതാനും വര്‍ഷം മുമ്പ് നെല്ലായി കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിർമിക്കുന്നതിന് പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ നടന്നുവരുന്നുണ്ടെങ്കിലും നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. നെല്ലായി തോണിദുരന്തത്തിന്റെ മുപ്പതാം വര്‍ഷത്തിലും പാലം യാഥാര്‍ഥ്യമാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.