ആമത്തോട് ഇനി ഒഴുകും, തടസ്സമില്ലാതെ
text_fieldsകൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്നുമുറിയില്‍ വര്‍ഷങ്ങളായി ചളിയും മാലിന്യവും നിറഞ്ഞ് നാശോന്മുഖമായി കിടന്ന ആമത്തോടിന് ശാപമോക്ഷം. പഞ്ചായത്ത് അംഗം ഷൈനി ബാബുവിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയസമിതിയാണ് പതിറ്റാണ്ടുകളുടെ മാലിന്യം കോരിക്കളഞ്ഞ് ആമത്തോടിനെ ഒഴുകാന്‍ പ്രാപ്തമാക്കിയത്. മറ്റത്തൂരിലെ പ്രധാന ജലസ്രോതസ്സയ വെള്ളിക്കുളം വലിയതോടിന്റെ കൈവഴികളിലൊന്നാണ് ആമത്തോട്.
വശങ്ങളില് കൈതച്ചെടികള്‍ തിങ്ങിനിറഞ്ഞും മാലിന്യം അടിഞ്ഞുകൂടിയും ഒഴുക്കുനിലച്ച അവസ്ഥയിലായ തോട് നവീകരിക്കണമെന്ന് വര്‍ഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗത തടസ്സവും കൃഷിനാശവും പതിവായിരുന്നു. നവീകരണത്തിനാവശ്യമായ 1.25 ലക്ഷത്തോളം രൂപ വാര്‍ഡിലെ ജനങ്ങള്‍ സംഭാവനയായി നല്കി.
നവീകരിച്ച തോടിന്റെ സമര്‍പ്പണം പഞ്ചായത്ത് അംഗം ഷൈനി ബാബുവിന്റെ നേതൃത്വത്തില്‍ നടന്നു. ജനകീയ സമിതി പ്രസിഡന്റ് സി.ഒ. ജോസ്, കര്‍ഷകരായ ആന്റു കോയിക്കര, രാജന് പനംകൂട്ടത്തില്‍, ജോയി പാലക്കാട്ട്മലയില്, സിമി ചേറങ്ങാടന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. തോടിന്റെ വശങ്ങള് ഇടിയാതിരിക്കാന്‍ ഇരുഭാഗത്തുമായി 200 മീറ്റര്‍ നീളത്തില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പണി ആരംഭിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.