നെല്ലായിയിൽ ശ്രദ്ധ തെല്ലൊന്ന് തെറ്റിയാൽ..
text_fieldsകൊടകര: അപകടക്കവലയായി ദേശീയപാതയിലെ നെല്ലായി ജങ്ഷന്. ശാസ്ത്രീയമായ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ റോഡു മുറിച്ചുകടക്കുന്ന യാത്രക്കാര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് പതിവാണ്. പറപ്പൂക്കര പഞ്ചായത്തിലെ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് നെല്ലായി ജങ്ഷന്. പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ് എന്നീ സ്ഥാപനങ്ങള്‍ ഇവിടെയായതിനാല്‍ ദിനം പ്രതി നിരവധി പേരാണ് എത്തുന്നത്.
പന്തല്ലൂരിലുള്ള പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗസംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ളവരും നെല്ലായി ജങ്ഷനിലെത്തിയാണ് പോകുന്നത്. ദേശീയപാത നാലുവരിയാക്കി നവീകരിച്ചതോടെ ജനം നെല്ലായി ജങ്ഷനില്‍ റോഡു മുറിച്ചുകടക്കുന്നത് ജീവന് പണയം വെച്ചാണ്.
വയലൂര്, ആലത്തൂര്‍ പ്രദേശങ്ങളില്‍നിന്ന് നെല്ലായിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ദേശീയപാത മുറിച്ചുകടന്നുവേണം കൊടകര, ചാലക്കുടി ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പിലെത്താന്‍. ദേശീയപാതയുടെ കിഴക്കു ഭാഗത്തുള്ളവര്‍ക്ക് പുതുക്കാട്, തൃശൂര്‍, മണ്ണുത്തി ഭാഗങ്ങളിലേക്കുള്ള ബസില്‍ കയറണമെങ്കിലും ഏറെ പണിപ്പെട്ട് റോഡു മുറിച്ചുകടക്കണം.
ദേശീയപാത നാലുവരി പാതയാക്കിയ ശേഷം നെല്ലായി ജങ്ഷനില്‍ നടന്നിട്ടുള്ള അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം മുപ്പതിലേറെയാണ്. വ്യാഴാഴ്ച രാവിലെ ഇവിടെ റോഡുമുറിച്ചു കടക്കുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരന് ബൈക്ക് ഇടിച്ച് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ബുധനാഴ്ച വൈകുന്നേരം കെ.എസ്.ആര്.ടി സി ബസിനു പുറകില്‍ ലോറിയിടിച്ചുള്ള അപകടവും ഇവിടെ നടന്നിരുന്നു. നിരന്തരം വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാത മുറിച്ചുകടക്കാന്‍ പ്രായം ചെന്നവരും സ്കൂള്‍ കുട്ടികളുമാണ് ഏറെ വിഷമിക്കുന്നത്.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വത്തിനും വേണ്ടി ഇവിടെ ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദേശീയപാത അധികൃതര്‍ ഈ ആവശ്യം അംഗീകരിച്ചില്ല.
കാല്‍നടക്കാര്‍ക്കായി ഫുട് ഓവര്‍ ബിഡ്ജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അതും നടപ്പായില്ല. വാഹനങ്ങളും കാല്‍നടയാത്രക്കാരും ഹൈവേ മുറിച്ചു കടക്കുന്ന ജങ്ഷനാണെന്ന് മുന്നറിയിപ്പു നല്കുന്ന ബ്ലിങ്കിങ് ലൈറ്റുകള്‍ മാത്രമാണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. നെല്ലായി ജങ്ഷനില്‍ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനം എന്ന് വരുമെന്നാണ് ജനം ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.