ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി -സനീഷ്‌കുമാര്‍ എം.എല്‍.എ
text_fieldsകൊടകര: ദേശീയപാതയിൽ കൊടകരയിലും പേരാമ്പ്രയിലും മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിച്ചതായി സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഡ്രൈനേജ് സംവിധാനത്തിലെ പിഴവുമൂലം മഴ പെയ്യുമ്പോള്‍ മലിനജലമടക്കം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തിയിരുന്നു.
ദേശീയപാതയിലും സര്‍വിസ് റോഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗത തടസ്സവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. വര്‍ഷങ്ങളായുള്ള ഈ ദുരിതത്തിന് പരിഹാരം കാണാന്‍ നിയമസഭയില്‍ രണ്ടുതവണ സബ്മിഷന്‍ ഉന്നയിച്ചതുൾപ്പെടെയുള്ള ഇടപെടല്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊടകരയിലും പേരാമ്പ്രയിലും ഡ്രൈനേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് എം.എല്‍.എ പറഞ്ഞു.
കൊടകര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കാവില്‍പാടം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ അനുവദിച്ചതായും സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ പറഞ്ഞു. കൊടകര ടൗണിലെ തകരാറിലായ ഹൈമാസ്റ്റ് വിളക്ക് പ്രകാശിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കും.
കൊടകര, കോടശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാത്തന്‍ മാസ്റ്റര്‍ റോഡിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തിക്ക് 8.98 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.
കൊടകര മുതല്‍ മേച്ചിറ വരെ 8.83 കി.മീറ്റര്‍ റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ ദേശീയപാതയില്‍നിന്ന് തീര്‍ഥാടന കേന്ദ്രമായ കനകമല പള്ളി, വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാകുമെന്നും എം.എല്‍.എ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍, കെ.എ. വര്‍ഗീസ്, ടി. വിനയന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.