ആറ്റപ്പിള്ളി പാലം അപ്രോച്ച് റോഡില്‍ വീണ്ടും ഗര്‍ത്തം
text_fieldsകൊടകര: ആറ്റിപ്പിള്ളി പാലത്തിന്റെ അപ്രോച്ച് റോഡില്‍ വീണ്ടും ഗര്‍ത്തം രൂപപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. അപ്രോച്ച് റോഡില്‍ നേരത്തെ മൂന്നുതവണ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ക്വാറി അവശിഷ്ടവും കല്ലും ഇട്ട് മൂടിയ സ്ഥലത്തു തന്നെയാണ് വീണ്ടും മണ്ണിടിഞ്ഞത്.
മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറുമാലിപുഴയില്‍ നിര്‍മിച്ച പാലത്തിന്റെ മറ്റത്തൂര്‍ ഭാഗത്തേക്കുള്ള അപ്രോച്ച് റോഡില്‍ 2021 ജൂണിലാണ് ആദ്യം മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത്. റോഡിനു നടുവില്‍ കിണറിന്റെ ആകൃതിയില്‍ മണ്ണ് ഇടിഞ്ഞു താഴുകയായിരുന്നു. അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിലെ അപാകതയാണ് ഇതിനു കാരണമായതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കരിങ്കല്‍ച്ചീളുകളും മണ്ണും ഉപയോഗിച്ച് ഗര്‍ത്തം മൂടിയെങ്കിലും ഏതാനും മാസങ്ങള്‍ക്കുശേഷം വീണ്ടും മണ്ണ് ഇടിഞ്ഞുതാഴ്ന്നു. തുടര്‍ന്ന് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. പാലം നിര്‍മാണത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പാലത്തിന് ബലക്ഷയമുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തെത്തി.
ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുകയും അപ്രോച്ച് റോഡിലെ അപാകത പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ജലവിഭവ വകുപ്പിനു കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള എന്‍ജിനീയറിങ് ആൻഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം പാലത്തില്‍ ബലപരിശോധന നടത്തുകയും പാലത്തിന് ബലക്ഷയമില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമുണ്ടായി.
ദുര്‍ബലമായ അപ്രോച്ച് റോഡ് പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കാൻ തീരുമാനവുമുണ്ടായി. അപ്രോച്ച് റോഡിന്റെ പുനര്‍നിര്‍മാണത്തിനു മുന്നോടിയായി 2021നവംബറില്‍ ഇവിടെ പൈലിങ് നടത്തി മണ്ണിന്റെ ഉറപ്പ് പരിശോധിച്ചിരുന്നു. അപ്രോച്ച് റോഡ് പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ നാട്ടുകാരുടെ സുരക്ഷിതയാത്രക്കായി കനമുള്ള ഇരുമ്പുഷീറ്റുകള്‍ ഉപയോഗിച്ച് താല്‍ക്കാലിക അപ്രോച്ച് റോഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു.
അപ്രോച്ച് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ച് അധികൃതര്‍ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കുകയും ടാര്‍ വീപ്പകളും മരക്കൊമ്പുകളും ഉപയോഗിച്ച് തടസ്സം ഏര്‍പ്പെടുത്തുകയും ചെയ്തതല്ലാതെ മറ്റൊന്നുമുണ്ടായില്ല.
അധികൃതരും പ്രതിപക്ഷ കക്ഷികളും വിഷയം മറന്നിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും മണ്ണിടിഞ്ഞത്. റവന്യു ഉദ്യോഗസ്ഥര്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി എന്നിവരുടെ നേതൃത്വത്തില്‍ വൈകുന്നേരത്തോടെ മണ്ണിടിഞ്ഞ് രൂപപ്പെട്ട ഗര്‍ത്തം ജെ.സി.ബി ഉപയോഗിച്ച് കരിങ്കല്ല് ഇട്ടുമൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.