മലമ്പാമ്പുകളുടെ താവളമായി മറ്റത്തൂര്‍ കനാല്‍
text_fieldsകൊടകര: കാടുമൂടിയ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രമായി മാറുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് വലിയ മലമ്പാമ്പുകളെയാണ് ഈ കനാലില്‍നിന്ന് പിടികൂടിയത്.
മറ്റത്തൂര്‍ കനാലിലെ വാര്‍ഷിക അറ്റകുറ്റപണിയിലെ അപാകതയാണ് പതിവില്ലാത്ത വിധം കനാല്‍ കാടുകയറി നശിക്കാനിടയാക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ചാണ് ഇറിഗേഷന്‍ അധികൃതര്‍ എല്ലാ വര്‍ഷവും കനാല്‍ വൃത്തിയാക്കുന്നത്.
കനാലില്‍നിന്ന് കോരിയെടുക്കുന്ന ചെളിയും മാലിന്യവും ഇരുവശത്തുമുള്ള ബണ്ടുകളില്‍ തന്നെയാണ് തള്ളാറുള്ളത്. ഈ മണ്ണും ചെളിയും മഴക്കാലമാകുമ്പോള്‍ വീണ്ടും കനാലിൽത്തന്നെ വീഴുകയും അതില്‍ പാഴ്ച്ചെടികള് മുളച്ചുപൊന്തി കുറ്റിക്കാട് രൂപപ്പെടുകയുമാണുണ്ടാകുന്നത്. കനാലിന്റെ അടിത്തട്ടില്‍ മാത്രമല്ല വശങ്ങളിലും കാടുപിടിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. ജൂണ്‍ മുതല്‍ നവംബര്‍ വരെ മാസങ്ങളില്‍ കനാലിലേക്ക് വെള്ളം തുറന്നുവിടാത്തതും കനാല്‍ കാടുമൂടാന്‍ ഇടയാക്കുന്നു. മുമ്പ് കാണപ്പെടാത്ത തരത്തിലുള്ള ചെടികളാണ് ഇപ്പോള്‍ കനാലിനകത്ത് വളര്‍ന്നിട്ടുള്ളത്.
ചതുപ്പുനിലങ്ങളിലും ഒഴുക്കു കുറഞ്ഞ തോടുകളിലും കാണപ്പെടുന്ന കുളവാഴകള്‍, വയല്‍ചുള്ളി ഇനത്തിലുള്ള മുള്‍ച്ചെടികള്‍ എന്നിവ മറ്റത്തൂര്‍ കനാലില്‍ വ്യാപകമായുണ്ട്. കനാല്‍ വിഷപ്പാമ്പുകളടക്കമുള്ള ക്ഷുദ്രജീവികളുടെ താവളമായതോടെ കനാലോരത്തു താമസിക്കുന്ന കുടുംബങ്ങളും കാനല്ബണ്ടു റോഡുകളിലൂടെ സഞ്ചരിക്കുന്നവരും ദുരിതത്തിലാണ്. ഏതാനും ദിവസംമുമ്പ് മറ്റത്തൂര്‍ കനാലിലെ കടമ്പോട് ഭാഗത്തുനിന്ന് മലമ്പാമ്പിനെ പിടികൂടിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം ഇതിനു തൊട്ടടുത്തുനിന്ന് മറ്റൊരു മലമ്പാമ്പിനെ കൂടി പിടികൂടിയിരുന്നു. പാമ്പുകള്‍ക്ക് സുരക്ഷിത താവളമായി മാറിയ കനാലില്‍ ഇനിയും മലമ്പാമ്പുകളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കനാലിലെയും കനാല്‍ ബണ്ട് റോഡുകളിലെയും കുറ്റിച്ചെടികള്‍ വെട്ടിനീക്കി നീരൊഴുക്കിനും ജനങ്ങളുടെ സുരക്ഷിത സഞ്ചാരത്തിനും സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.