ഓലത്തുമ്പത്തിരുന്നൂയലാടും...
text_fieldsകൊടകര: വിരിപ്പുകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങിയതോടെ പാടങ്ങളുടെ ഓരത്തുള്ള തെങ്ങിന്‍തലപ്പുകളില്‍ ചേക്കേറുകയാണ് ആയിരക്കണക്കിന് ആറ്റക്കിളികള്. ഒരുകാലത്ത് മലയോരത്തെ നെല്പ്പാടങ്ങളിലെമ്പാടും കാണപ്പെട്ടിരുന്ന ആറ്റക്കിളികള് ഇപ്പോള്‍ അപൂര്‍വം പാടശേഖരങ്ങളില്‍ മാത്രമാണ് ഉള്ളത്. ശാന്തമായ അന്തരീക്ഷമുള്ള പാടങ്ങളാണ് ഇവയുടെ വാസകേന്ദ്രങ്ങള്‍.
മനുഷ്യസാന്നിധ്യം കുറഞ്ഞ വയലോരത്തെ തെങ്ങിന് തലപ്പുകളും ഉയരമേറിയ വൃക്ഷ ശിഖരങ്ങളുമാണ് ഇവ കൂടൊരുക്കുന്നത്. കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ചാറ്റിലാംപാടത്തെ തെങ്ങുകളില്‍ നൂറുകണക്കിനു കുരുവികളാണ് കൂടൊരുക്കിയിട്ടുള്ളത്. മൂന്നുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ട് ഈ പാടശേഖരത്തില്‍ പാറിക്കളിക്കുന്ന ആറ്റക്കുരുവികള്‍ മനോഹര കാഴ്ചയാണ്. നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും വ്യാപകമായിരുന്ന കാലത്ത് ധാരാളമായി കാണപ്പെട്ടിരുന്നവയാണ് ആറ്റക്കിളിയെന്നും തൂക്കണാം കുരുവിയെന്നും പേരുള്ള കുഞ്ഞുപറവകള്‍. പാടങ്ങളും തെങ്ങിന്‍തോപ്പുകളും മറയാന്‍ തുടങ്ങിയതോടെ തെങ്ങോലതുമ്പില് കാറ്റിന്റെ താളത്തിനൊത്ത് ചാഞ്ചാടുന്ന ആറ്റക്കിളിക്കൂടുകളും അപൂര്‍വ കാഴ്ചയായി മാറുകയാണ്.
ആണ്‍കിളികളാണ് തെങ്ങോലകളില്‍ കൂടുണ്ടാക്കുന്നത്. നാരുകളും ഓലച്ചീളുകളും ചളിയുമുപയോഗിച്ചാണ് കൂടുനിര്‍മാണം. ആണ്‍കിളി കൂട് മെനഞ്ഞുകഴിഞ്ഞാല് പെണ്‍കിളി മുട്ടിയിടാനായി എത്തും.രണ്ടാഴ്ച കൊണ്ട് മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞാറ്റകള്‍ പുറത്തുവരും. ആദ്യ ദിവസങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് അമ്മക്കിളിയാണ് ഭക്ഷണം കൊടുക്കുന്നത്. പിന്നീട് ആണ്കിളികള് പുഴുക്കളെയും പുല്‍ച്ചാടികളെയും കൊക്കിലെടുത്തു കൊണ്ടുവന്ന് തീറ്റയായി നല്‍കും. ചാറ്റിലാംപാടത്ത് നെല്ല് വിളഞ്ഞുതുടങ്ങുന്ന സമയത്ത് ആയിരക്കണക്കിന് ആറ്റക്കിളികളെ കാണാനാകും. നെല്ക്കതിരുകളില്നിന്ന് പാലൂറ്റി കുടിക്കുന്നതിനാല്‍ ആറ്റക്കുരുവികള്‍ കര്‍ഷകര്‍ക്ക് ശല്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.