മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പുനരുദ്ധരിക്കുമെന്ന് അധികൃതര്‍; പ്രതീക്ഷയോടെ നാട്ടുകാര്‍
text_fieldsകൊടകര: പ്രവര്‍ത്തനമില്ലാതെ ജീര്‍ണിച്ച് നശിക്കുന്ന മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പുനരുദ്ധരിക്കുമെന്ന അധികൃതരുടെ ഉറപ്പ് പ്രദേശവാസികള്‍ക്ക് പ്രതീക്ഷ പകരുന്നു.
നിര്‍മാണം പൂര്‍ത്തിയാക്കി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും നോക്കുകുത്തിയായ ഐ.എച്ച്.ഡി.പി കോളനി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പട്ടികജാതി വികസനത്തിനായുള്ള പ്രത്യേക ഫണ്ടോ ധനകാര്യ കമീഷന് വിഹിതമായ ടൈഡ് ഫണ്ടോ ഉപയോഗപ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കുമെന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കുന്നത്.
പദ്ധതി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്ത്തകൻ ആന്റു ചെമ്മിഞ്ചേരി നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനത്തിന് മറുപടിയായാണ് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിപ്പ് നല്‍കിയത്. ഒമ്പതാം പഞ്ചവത്സര പദ്ധതി കാലത്ത് ആരംഭിച്ച പദ്ധതി സാങ്കേതികതകള്‍ ഒഴിവാക്കി ആസ്തിയിലുള്പ്പെടുത്തി പ്രവര്ത്തനക്ഷമമമാക്കേണ്ടതുണ്ടെന്ന് ഈ മാസം മൂന്നിന് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചതായും പദ്ധതിയുടെ പുനരുദ്ധാരണം തനത് വര്‍ഷത്തെ ഗ്രാമസഭ നിർദേശമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സെക്രട്ടറി നല്കിയ മറുപടിയില്‍ പറയുന്നു. പദ്ധതിയുടെ പുനരുദ്ധാരണത്തിന് അധികമായി വേണ്ടിവരുന്ന ഫണ്ടിനായി ജില്ല -ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായം ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് സെക്രട്ടറി മറുപടിയില്‍ ചൂണ്ടിക്കാട്ടി.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മറ്റത്തൂർ മുരിക്കുങ്ങല്‍ ഐ.എച്ച്.ഡി.പി കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവും ജലസേചന സൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്.
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിക്ക് 25 ലക്ഷം രൂപയാണ് തുടക്കത്തില്‍ വകയിരുത്തിയത്. കോടാലി പാടശേഖരത്തിനു സമീപം വെള്ളിക്കുളം വലിയതോടിന്റെ കരയില്‍ പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തി കുളവും പമ്പുഹൗസും നിർമിച്ചെങ്കിലും പൈപ്പ് ലൈനിന്റെ പണികള്‍ പൂര്‍ണമായി നടക്കാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനക്ഷമമായില്ല. ഗുണഭോക്തൃ സമിതി ഇടക്കാലത്ത് നിര്‍ജീവമായതും പദ്ധതിയുടെ നിർമാണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
വര്‍ഷങ്ങളോളം വെയിലും മഴയുമേറ്റ് കിടന്ന പൈപ്പുകള്‍ മണ്ണിനടിയിലിട്ട് പിന്നീട് പണി പൂര്‍ത്തീകരിച്ചെങ്കിലും ആദ്യപമ്പിങ്ങില് തന്നെ പലയിടത്തും പൈപ്പ് പൊട്ടി.
ഭിത്തി ഇടിഞ്ഞുവീണും മോട്ടോറും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്തും നാശത്തിന്റെ വക്കിലാണ് പമ്പ് ഹൗസ്. പദ്ധതി പുനരുദ്ധരിച്ച് പ്രവര്‍ത്തനക്ഷമമാക്കുമെന്ന അധികൃതരുടെ ഉറപ്പ് മേഖലയിലെ ജനങ്ങള്‍ക്ക് ആഹ്ലാദം പകരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.