നേന്ത്രക്കായക്ക് മികച്ച വിളവും വിലയും;കർഷകർക്ക് ആശ്വാസം
text_fieldsകൊടകര: നേന്ത്രക്കായ വിളവെടുപ്പ് തുടങ്ങിയതോടെ മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക വിപണി സജീവമായി. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാല്‍ മികച്ച വിളവാണ് ലഭിക്കുന്നത്. മികച്ച വിലയും ലഭിക്കുന്നുണ്ട്. മേയ് അവസാനത്തോടെയാണ് വാഴത്തോട്ടങ്ങളില്‍ വിളവെടുപ്പ് തുടങ്ങിയത്. തുടക്കത്തില്‍ കിലോഗ്രാമിന് 37 രൂപയായിരുന്നു വില. ജൂണില്‍ വില ഉയര്‍ന്നു. ഈ മാസം ആദ്യം 53 രൂപയായി വര്‍ധിച്ചെങ്കിലും നിലവിൽ 50 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇനിയും വിലയിടിവ് ഉണ്ടായില്ലെങ്കില്‍ ഇത്തവണത്തെ കൃഷി ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകർ.
നേന്ത്രവാഴ കര്‍ഷകര്‍ ഏറെയുള്ള മറ്റത്തൂര്‍ പഞ്ചായത്തില്‍ കേരള വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലിന് കീഴിലുള്ള രണ്ട് സ്വാശ്രയ കര്‍ഷക ചന്തകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ ചന്തകള്‍ വഴി ആയിരക്കണക്കിന് ഏത്തവാഴക്കുലകള്‍ ആഴ്ചതോറും വിൽക്കുന്നുണ്ട്. ആഴ്ചയില്‍ ശരാശരി രണ്ടായിരം നേന്ത്രക്കുലകള്‍ മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി മുഖേന വിൽക്കുന്നുണ്ട്. സമിതിക്കു കീഴിലെ സ്വാശ്രയ ചന്ത പ്രവര്‍ത്തിക്കുന്നത് തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ്. നൂലുവള്ളിയിലെ സ്വാശ്രയ കര്‍ഷക ചന്തയും ആഴ്ചയില്‍ രണ്ടുദിവസം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലക്കകത്തും പുറത്തുമുള്ള കച്ചവടക്കാരും സ്ഥാപനങ്ങളുമാണ് മികച്ച നാടന്‍ നേന്ത്രക്കുലകള്‍ തേടി കോടാലി, നൂലുവള്ളി സ്വാശ്രയ ചന്തകളിലെത്തുന്നത്.
ഹോര്‍ട്ടികോര്‍പ് അധികൃതരും തങ്ങളുടെ റീട്ടെയില്‍ കേന്ദ്രങ്ങളിലേക്ക് മറ്റത്തൂര്‍ സ്വാശ്രയ കര്‍ഷക ചന്തയില്‍ നിന്ന് നേന്ത്രക്കുലകളും മറ്റ് പച്ചക്കറിയിനങ്ങളും കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലേക്കാണ് ഹോര്‍ട്ടികോര്‍പ് ഇവ കൊണ്ടുപോകുന്നത്. കേരള വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലിന് കീഴിൽ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കര്‍ഷക സമിതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള സമിതിയാണ് മറ്റത്തൂരിലേത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഒന്നര കോടിയുടെ വിറ്റുവരവാണ് സമിതി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.