കനാല്‍ബണ്ടിലെ കരിങ്കൽക്കെട്ട് പുനർനിർമിക്കാന്‍ നടപടിയായില്ല
text_fieldsകൊടകര: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ ബണ്ടിലെ പാലത്തിനോട് ചേര്‍ന്ന കരിങ്കല്‍ക്കെട്ട് ഇടിഞ്ഞത് പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല. മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് ആനന്ദകലാസമിതി വായനശാല റോഡ് അവസാനിക്കുന്ന ഭാഗത്തെ പാലത്തിനോടു ചേര്‍ന്നാണ് കനാല്‍ ബണ്ട് ഇടിഞ്ഞിട്ടുള്ളത്. വെള്ളം തുറന്നുവിടുമ്പോള്‍ കനാലില്‍ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാല്‍ സമീപത്തെ കുടുംബങ്ങള്‍ ദുരിതത്തിലാണ്. രണ്ടുവര്‍ഷം മുമ്പ് കനാല്‍ വൃത്തിയാക്കാനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം ബണ്ടിലേക്ക് കയറ്റിയപ്പോഴാണ് പാലത്തിനോടു ചേര്‍ന്നുള്ള കരിങ്കല്‍ക്കെട്ട് ഇടിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. കനാലില്‍ വെള്ളം നിറയുമ്പോള്‍ ബണ്ടിലെ ഇടിഞ്ഞ ഭാഗത്തുകൂടി വെള്ളം കവിഞ്ഞൊഴുകി വീടുകളിലേക്ക് എത്താറുണ്ട്. വീടുകളിലെ ചാണകക്കുഴികളില്‍ വെള്ളം നിറയുന്നതിനാല്‍ കിണറുകള്‍ മലിനപ്പെടാനും കാരണമാകുന്നതായി പ്രദേശത്തെ വീട്ടമ്മാര്‍ പറഞ്ഞു.
ബണ്ട് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ട് മാസങ്ങളായി. അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. കനാലില്‍ നിന്നുള്ള വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് ടാറിങ് ഇളകിപ്പോകാനും വീടുകളുടെ മതിലുകള്‍ക്ക് കേടുവരാനും കാരണമാകുന്നുണ്ട്. മഴ കനത്തുപെയ്ത് കനാല്‍ നിറഞ്ഞൊഴുകുമ്പോള്‍ ഈ ഭാഗത്തെ ദുര്‍ബലമായ ബണ്ട് പൊട്ടുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. അടുത്തമഴക്കാലത്തിനു മുമ്പായെങ്കിലും കനാല്‍ ബണ്ടിന്റെ ദുര്‍ബലാവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവിടത്തെ കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.