ഓണം കളറാക്കാന്‍ സുധാകരന്റെ ചെണ്ടുമല്ലി
text_fieldsകൊടകര: ആദ്യമായി ചെയ്ത പൂകൃഷിയിലൂടെ മികച്ച വിളവു നേടിയതിന്റെ ആഹ്ലാദത്തിലാണ് നെല്ലായി കൊളത്തൂരിലെ ചില്ലായില്‍ സുധാകരന്. രണ്ട് നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് സുധാകരന്റെ കൃഷിയിടത്തില്‍ പൂത്തുനിറഞ്ഞിരിക്കുന്നത്.
പന്തല്ലൂരിലെ അരയേക്കര്‍ സ്ഥലത്താണ് സുധാകരന് ചെണ്ടുമല്ലി കൃഷിചെയ്തത്. കൊളത്തൂര്‍ കര്‍ഷക സമിതിയുടെ സെക്രട്ടറിയായ ഈ കര്ഷകന് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തുവരുന്നുണ്ടെങ്കിലും പൂകൃഷിയിലേക്ക് തിരിയുന്നത് ഇതാദ്യമാണ്. ഇരിങ്ങാലക്കുട മാപ്രാണത്തെ നഴ്സറിയില്‍നിന്നാണ് ചെണ്ടുമല്ലി തൈകള്‍ കൊണ്ടുവന്നത്. തൈ ഒന്നിന് മൂന്നര രൂപ നിരക്കില്‍ വാങ്ങിയ 3200ഓളം ചെണ്ടുമല്ലികളാണ് നട്ടുവളര്‍ത്തിയത്. ജൂലൈ ആദ്യം ആരംഭിച്ച കൃഷി വിളവെടുപ്പിന് പാകമായി വരുകയാണ്. ചാണകം, ചാരം എന്നിവയടക്കമുള്ള ജൈവവളമാണ് നല്‍കിയത്.
ഇതിനകം 40,000ത്തോളം രൂപ ചെലവഴിച്ചു. വരുമാനം ഉണ്ടാക്കുക എന്നതിലുപരിയായി ഓണം കളറാക്കാനുള്ള കൗതുകവും ഈ സംരംഭത്തിനു പിന്നിലുണ്ടെന്ന് സുധാകരന് പറയുന്നു. ഓര്‍ക്കാപ്പുറത്ത് മഴ പിന്മാറിയതിനാല് പൂവിരിഞ്ഞു തുടങ്ങിയ സമയം മുതല്‍ ചെണ്ടുമല്ലിച്ചെടികള്ക്ക് ജലസേചനം നടത്തേണ്ടി വന്നതായി സുധാകരന് പറഞ്ഞു. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ വിളവെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ കര്ഷകന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.