പൊന്നോമനകള്‍ക്ക് കണ്ണീരോടെ വിട
text_fieldsകൊടകര: ഇളംപ്രായത്തില്‍ പൊലിഞ്ഞ പൊന്നോമന മക്കള്‍ക്ക് ശാസ്താംപൂവം ഊരിലെ ആദിവാസി സമൂഹത്തിന്റെ യാത്രാമൊഴി. കാടര്‍ വിഭാഗക്കാര്‍ താമസിക്കുന്ന ശാസ്താംപൂവം കോളനിയിലെ പരേതനായ രാജശേഖരന്റെ മകന് അരുണ്‍ കുമാർ (എട്ട്), പരേതനായ സുബ്രന്റെ മകന് സജികുട്ടന്‍ (16) എന്നിവര്‍ക്കാണ് കോളനിവാസികൾ കണ്ണീരോടെ വിട ചൊല്ലിയത്. കോളനിക്ക് സമീപത്തെ വനത്തില്‍ ശനിയാഴ്ചയാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങള്‍ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വെള്ളിക്കുളങ്ങരയില്‍നിന്ന് ആറ് കിലോമീറ്റര്‍ അകലെ വനത്തിലുള്ള ശാസ്താംപൂവം കോളനിയിലെത്തിച്ചു.
കെ.കെ. രാമചന്ദ്രന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവരും അന്തിമോപചാരമര്‍പ്പിക്കാൻ എയെത്തിയിരുന്നു. വനംവകുപ്പ്, ആനപ്പാന്തം വനസംരക്ഷണ സമിതി, അരുണ്‍ പഠിച്ചിരുന്ന വെള്ളിക്കുളങ്ങര ഗവ. യു.പി സ്കൂള്‍ എന്നിവക്ക് വേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു. തൃശൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ, ചാലക്കുടി ഡിവൈ.എസ്.പി അശോക്, വെള്ളിക്കുളങ്ങര എസ്.ഐ എം. അഫ്സല്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുമെത്തിയിരുന്നു.
കളിക്കൂട്ടുകാര്‍ക്ക് അടുത്തടുത്ത് അന്ത്യവിശ്രമം
കൊടകര: പ്രായവ്യത്യാസമുണ്ടെങ്കിലും എപ്പോഴും ഒരുമിച്ച് കളിച്ചുനടന്നിരുന്ന കൂട്ടുകാര്‍ക്ക് ഒടുവില്‍ അടുത്തടുത്ത് അന്ത്യവിശ്രമം. ശാസ്താപൂവം കോളനിയിലെ പതിനാറുകാരനായ സജികുട്ടനും എട്ട് വയസുകാരനായ അരുണും അടുത്ത സുഹൃത്തുക്കളായിരുന്നു. ഏഴാം ക്ലാസിന് ശേഷം പഠനം നിര്‍ത്തിയ സജിക്കുട്ടനും മൂന്നാം ക്ലാസില്‍ പഠിക്കുന്ന അരുണും കോളനിയില്‍ കളിച്ച് നടക്കുന്നവരായിരുന്നു. സജിക്കുട്ടന്റെ അച്ഛന് സുബ്രന് ഏതാനും വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചതാണ്. അമ്മയും മരിച്ചു. അരുണിന്റെ അഛനും മരിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.