ഈ ചിത്രങ്ങൾ കണ്ണനുള്ള സമർപ്പണം
text_fieldsകൊടകര: കൈവിട്ടുപോകുമായിരുന്ന ജീവനും ജീവിതവും തിരികെ തന്നതിന് വിവാഹ വാര്‍ഷിക നാളില്‍ ഇഷ്ടദേവന് കാണിക്കയായി ചിത്രങ്ങള്‍ സമര്‍പ്പിക്കാൻ ഒരുങ്ങുകയാണ് ചിത്രകാരിയായ രതി ബാബു. കൃഷ്ണഭക്തയായ രതി താന്‍ വരച്ച കണ്ണന്റെ 35ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും ഗുരുവായൂരില്‍ ഒരുക്കും. വാസുപുരം കാരപ്പിള്ളി സുരേഷ്ബാബുവിന്റെ ഭാര്യയാണ് രതി.
വൃക്കമാറ്റ ശസ്ത്രക്രിയക്കുശേഷം വീടിനുള്ളില്‍ ഒതുങ്ങിപോയ രതി ഒഴിവുസമയം ചെലവിടുന്നത് കൃഷ്ണന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങള്‍ വരച്ചാണ്. അതിജീവനത്തിനുള്ള ആത്മബലം പകര്‍ന്നുതന്നെ കണ്ണനുമുന്നില്‍ കാണിക്കായി താന്‍ വരച്ച ചിത്രങ്ങള്‍ സമര്‍പ്പിക്കണമെന്നത് ഏറെക്കാലമായി രതിയുടെ ആഗ്രഹമായിരുന്നു.
വിവാഹത്തിന്റെ 25ാം വാര്‍ഷിക ദിനമായ ജനുവരി ഒമ്പതിന് തന്നെ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. രതി വരച്ച 35 കൃഷ്ണ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം ക്ഷേത്രനഗരിയില്‍ സംഘടിപ്പിക്കുന്നുണ്ട്. രോഗാവസ്ഥയില്‍ തനിക്ക് പ്രചോദനവും താങ്ങും തണലുമായിനിന്ന ജീവിത പങ്കാളി സുരേഷ് ബാബു തന്നെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യണമെന്നാണ് രതിയുടെ ആഗ്രഹം.
സ്കൂള്‍ കാലഘട്ടം മുതലേ വര്‍ണങ്ങളേയും വരയേയും സ്നേഹിച്ചുതുടങ്ങിയ രതിയിലെ കലാപാടവം തിരിച്ചറിഞ്ഞത് പ്രൈമറി ക്ലാസിലെ അധ്യാപകനായിരുന്നു. പിന്നീട് തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളജില്‍ ചേര്‍ന്ന് മൂന്നുവര്‍ഷം ചിത്രകല പഠിച്ചു. കായികരംഗത്തും നേട്ടങ്ങള്‍ കൈവരിച്ച രതിക്ക് റെയില്‍വേയില്‍ ജോലി ലഭിച്ചെങ്കിലും വേണ്ടന്ന് വെക്കുകയായിരുന്നു.
മകനെ ഗര്‍ഭം ധരിച്ച വേളയിലാണ് വൃക്കരോഗം കണ്ടെത്തിയത്. വര്‍ഷങ്ങളോളം രോഗാവസ്ഥോട് പൊരുതിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. വേദനയിലും നിരാശയിലും മനസ്സുതളര്ന്നപ്പോഴെല്ലാം കൃഷ്ണഭക്തിയും ചായക്കൂട്ടുകളുമാണ് ആശ്വാസം പകര്‍ന്നത്.
അമ്മ ഭവാനി വൃക്കകളിലൊന്ന് പകുത്തുനല്കി രതിയെ പൂര്‍ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയതോടെ തന്നിലെ സര്‍ഗവാസനകളെ കൂടുതല്‍ തേച്ചുമിനുക്കാന് രതിക്ക് കഴിഞ്ഞു.
ചിത്രരചനയില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്കുന്നതിനുമാണ് ‘വൃന്ദാവനം’ എന്നപേരില്‍ രതി ആര്‍ട്ട് ഗാലറിയൊരുക്കിയിട്ടുള്ളത്. രോഗിയാവുന്നതോടെ ജീവിതം അവസാനിച്ചു എന്നു കരുതുന്നവര്‍ക്കുള്ള വലിയൊരു സന്ദേശം കൂടി ഈ ആര്‍ട്ട് ഗാലറിയില്‍ രതി സുരേഷ് അദൃശ്യമായി എഴുതിവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.