കാദംബരിയിലൊരുങ്ങുന്നു പരിസ്ഥിതി സൗഹൃദ ക്രിസ്മസ് അലങ്കാരങ്ങള്‍
text_fieldsകൊടകര: ക്രിസ്മസിന് വീടുകളും ദേവാലയങ്ങളും അലങ്കരിക്കാൻ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരമായി വർണത്തുണികൾ കൊണ്ട് തുന്നിയുണ്ടാക്കിയ വേറിട്ട അലങ്കാരങ്ങൾ ഒരുക്കുകയാണ് കാദംബരി സ്ത്രീ കൂട്ടായ്മയിലെ പ്രവര്‍ത്തകർ.
പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയെന്ന സന്ദേശം പകര്‍ന്ന് കൊടകരയിലാണ് പരിസ്ഥിതി സൗഹൃദ തുണിയലങ്കാരങ്ങൾ തയാറാക്കുന്നത്.
തയ്യൽ കടകളിൽനിന്ന് പാഴ്ത്തുണികൾ ശേഖരിച്ച് ഇവർ ഒരുക്കുന്ന പുതുമയുള്ള അലങ്കാരങ്ങൾ നിരവധി പേരാണ് വാങ്ങാനെത്തുന്നത്. ക്രിസ്മസ്കാലത്തെ പ്ലാസ്റ്റിക്, തെര്‍മോകോൾ അലങ്കാരങ്ങൾ ഉപയോഗത്തിനുശേഷം വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. പലപ്പോഴും കുട്ടികളാണ് ഇത്തരം അലങ്കാരവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾക്കുമിടയാക്കുമെന്ന് കാദംബരിയിലെ പ്രവർത്തകർ പറയുന്നു. മണ്ണിലലിഞ്ഞുചേരാത്ത ഇത്തരം അലങ്കാര വസ്തുക്കള്‍ക്ക് ഒരു ബദൽ എന്ന നിലയിലാണ് കോട്ടൺ തുണികൊണ്ടുള്ള അലങ്കാര നിർമാണ രംഗത്തേക്ക് കടന്നത്.
കാദംബരിക്ക് കീഴിൽ ചാലക്കുടിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിക്കുന്ന വനിത സംഘങ്ങൾ കഴിഞ്ഞ ഒരുമാസമായി കോട്ടൺ തുണികൊണ്ടുള്ള ക്രിസ്മസ് അലങ്കാരങ്ങൾ നിർമിച്ച് വരുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസ്കാലത്താണ് ഈ ആശയം കാദംബരി പ്രാവർത്തികമാക്കിയത്. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് അലങ്കാരങ്ങൾ വേണ്ടത്ര ജനശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞില്ല.
ഇക്കുറി നേരേത്ത പ്രവർത്തനങ്ങൾ തുടങ്ങിയതിനാൽ നിരവധി പേർ ഈ സംരംഭത്തെ പിന്തുണച്ച് എത്തുന്നുണ്ട്. ദേവാലയങ്ങളും വിവിധ സ്ഥാപനങ്ങളും െറസിഡൻറ്സ് അസോസിയേഷനുകളും ഇവ തേടിയെത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങള്ക്കിടയിലെത്തിക്കുന്നതോടൊപ്പം വീട്ടമ്മാര്‍ക്ക് വരുമാനം ഉറപ്പാക്കാനും ഇതിലൂടെ കഴിയുന്നു. 2019ല്‍ പ്ലാസ്റ്റിക് ഫ്രീ കളിപ്പാട്ടങ്ങൾ ഒരുക്കി പ്രദര്‍ശനം സംഘടിപ്പിച്ചതിലൂടെ കാദംബരി ശ്രദ്ധ നേടിയിരുന്നു.
കുട്ടികളിൽ പാരിസ്ഥിതികാവബോധം വളർത്തിയെടുക്കാനുതകുന്ന പ്രവർത്തനങ്ങളും കാദംബരി നടത്തിവരുന്നുണ്ട്. 'മാലിന്യ മുക്തമായ ഭൂമി, വിഷരഹിതമായ ജീവിതം' എന്നതാണ് 2019ല്‍ രൂപവത്കരിക്കപ്പെട്ട കാദംബരി സ്ത്രീകൂട്ടായ്മ മുന്നോട്ടുവെക്കുന്ന സന്ദേശം.
കൊടകര കാവിൽ വാരിയം ആസ്ഥാനമായുള്ള കാദംബരിയുടെ സ്ഥാപകയും ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകയായ വി.വി. രാജശ്രീയാണ്. സീറോ വേസ്റ്റ് എന്ന ആശയം പ്രചരിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതിക്കനുയോജ്യമായ ചെറുസംരംഭങ്ങളിലൂടെ വീട്ടമ്മമാക്ക് വരുമാനം കണ്ടെത്തിക്കൊടുക്കലും കാദംബരി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.