കുഞ്ഞാലിപ്പാറ മനോഹരം പക്ഷെ, സർക്കാർ കാണുന്നില്ല
text_fieldsകൊടകര: മറ്റത്തൂരിലെ കുഞ്ഞാലിപ്പാറയില്‍ ഇക്കോ ടൂറിസം പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോടശേരി മലയുടെ മടിത്തട്ടിലുറങ്ങുന്ന കുഞ്ഞാലിപ്പാറ പ്രദേശം പണ്ടുമുതലേ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കൂറ്റൻ പാറക്കെട്ടുകള്‍ നിറഞ്ഞതാണ് കുഞ്ഞാലിപ്പാറയിലെ കുന്നിന്‍ പ്രദേശം. സര്‍ക്കാര്‍ പുറമ്പോക്കു ഭൂമിയായ കുഞ്ഞാലിപ്പാറയുടെ വിസ്തൃതി കൈയേറ്റം മൂലം കുറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് കൊള്ളക്കാരുടെ ഒളിത്താവളമായിരുന്നു കുഞ്ഞാലിപ്പാറ പ്രദേശമെന്ന് പറയുന്നു.
കൊടകര വെള്ളിക്കുളങ്ങര റൂട്ടിലെ മൂന്നുമുറിയില്‍നിന്ന് കഷ്ടിച്ച് രണ്ടു കിലോമീറ്ററാണ് കുഞ്ഞാലിപ്പാറയിലേക്കുള്ള ദൂരം. പ്രകൃതി ഭംഗി തുളുമ്പുന്ന കുഞ്ഞാലിപ്പാറ പ്രദേശം പ്രാദേശിക ടൂറിസത്തിന് ഏറെ സാധ്യതയുള്ള സ്ഥലമാണെങ്കിലും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കാര്യമായ നടപടികള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ഏതാനും വര്‍ഷം മുമ്പ് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് തയാറാക്കിയ പ്രദേശിക ടൂറിസം പദ്ധതിയില്‍ കുഞ്ഞാലിപ്പാറ ഇടംപിടിച്ചിരുന്നു. നാടന്‍കലകളുടെ സംരക്ഷണത്തിനായി കുഞ്ഞാലിപ്പാറക്കു മുകളില്‍ ഒരു കൂത്തമ്പലം പണിയാനായിരുന്നു പദ്ധതി.
എന്നാല്‍ പദ്ധതി കടലാസിലൊതുങ്ങുകയായിരുന്നു. വനംവകുപ്പിന്റെ സഹകരണത്തോടെ ഇക്കോ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി കുഞ്ഞാലിപ്പാറയെ വിനോദസഞ്ചാര കേന്ദ്രമാക്കണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്. സി.പി.ഐ മൂന്നുമുറി ബ്രാഞ്ച് സമ്മേളനവും മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക കേന്ദ്രസമിതി യോഗവും ഈയിടെ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രാദേശിക ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കി വരുന്ന സാഹചര്യത്തില്‍ കുഞ്ഞാലിപ്പാറ പ്രദേശം ഇക്കോ ടൂറിസം പദ്ധതിയിലിടം പിടിക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.