വാസയോഗ്യമായ വീട് സ്വപ്നം കണ്ട് വയോധികയും കുടുംബവും
text_fieldsകൊടകര: ചോര്‍ന്നൊലിക്കുന്ന വീടിന് പകരം വാസയോഗ്യമായ ഒരു വീട് വേണം, വിധവയും രോഗിയുമായ മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കും സുരക്ഷിതമായി അതില്‍ അന്തിയുറങ്ങാന്‍ കഴിയണം. മറ്റത്തൂര്‍ ഒമ്പതുങ്ങലിലെ 100 വയസ്സ് പിന്നിട്ട മറിയത്തിന്റെ ആഗ്രഹമാണിത്. നിത്യവൃത്തിക്കു പോലും വിഷമിക്കുകയാണ് ഒമ്പതുങ്ങല്‍ ചക്കാലക്കല്‍ പരേതനായ തോമസിന്റെ ഭാര്യ മറിയം.
ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ഇവർ ജീവിതസായാഹ്നം തള്ളിനീക്കുന്നത്. രണ്ട് വീതം ആണ്മക്കളും പെണ്മക്കളുമാണ് ഇവർക്കുണ്ടായിരുന്നത്. ആണ്മക്കൾ രണ്ടുപേരും മരിച്ചു. ഇപ്പോള്‍ ഇളയ മകന്റെ കുടുംബത്തോടൊപ്പമാണ് മറിയം കഴിയുന്നത്. പരസഹായം കൂടാതെ നടക്കാന്‍ കഴിയുന്നുണ്ടെങ്കിലും കാഴ്ചക്ക് മങ്ങലുള്ളതിനാല്‍ വീട് വിട്ട് പുറത്തുപോകാറില്ല.
മറിയത്തിനും മകന്റെ വിധവ മോളിക്കും ലഭിക്കുന്ന പെന്‍ഷനാണ് പ്രധാനവരുമാനം. രോഗിയായതിനാല്‍ വല്ലപ്പോഴും മാത്രമാണ് മോളി ജോലിക്ക് പോകുന്നത്. 50 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇവരുടെ വീട്. മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിയും ചുമരുകള്‍ വിണ്ടുകീറിയും ശോച്യാവസ്ഥയിലായ വീട് മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. ഓടുകള്‍ക്കിടയില്‍ പാളയും പ്ലാസ്റ്റിക്കും തിരുകിവെച്ചാണ് ചോര്‍ച്ചയെ പ്രതിരോധിക്കുന്നത്.
മഴ കനത്തുപെയ്താല്‍ മുറികളും അടുക്കളയും നനയും. പൊട്ടിപ്പൊളിഞ്ഞ ചുവരുകളുള്ള വീട്ടിനുള്ളില്‍ ഭയത്തോടെയാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്. വാസയോഗ്യമായ വീടിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഈ നിര്‍ധന കുടുംബത്തിന് ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല.
മൂന്നുമുറിയിലെ ജീവകാരുണ്യ സംഘടനയായ പ്രതീക്ഷയും മറ്റു ഉദാരമതികളും നല്കുന്ന സഹായം കൊണ്ടാണ് ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുന്നോട്ടുപോകുന്നത്. കണ്ണടയും മുമ്പ് വാസയോഗ്യമായ വീട് അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് മറിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.