വനഭംഗിയാല്‍ മനംനിറച്ച് വയോജനങ്ങളുടെ ഉല്ലാസയാത്ര
text_fieldsകൊടകര: ഇനിയൊരിക്കലും കാണാന്‍ കഴില്ലെന്ന് കരുതിയ കൗതുകങ്ങളും വനചാരുതയും നേരില്‍ കണ്ടാസ്വാദിക്കാന്‍ കഴിഞ്ഞതിന്റെ അടക്കാനാകാത്ത ആഹ്ലാദത്തിലാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലുള്ള മുതിര്‍ന്ന പൗരന്മാര്. കടമ്പോട് വാര്‍ഡിലെ തണല്‍ വയോജന ക്ലബും ആനന്ദകലാസമിതി വായനശാലക്കുകീഴിലെ വയോജന വേദിയും സംയുക്തമായ സംഘടിപ്പിച്ച ഉല്ലാസയാത്രയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് കണ്ണും കരളും നിറച്ച ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ചത്. ഇടുക്കിയുടെ പച്ചപ്പുനിറഞ്ഞ മലമടക്കുകളിലേക്കാണ് വയോജന ക്ലബ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്. ശാരീരിക അവശതകളെ അവഗണിച്ച് മുതിര്‍ന്ന പൗരന്മാരായ അമ്പതോളംപേര്‍ ആവേശപൂര്‍വം യാത്രയില്‍ പങ്കാളികളായി.
ഇടുക്കി, ചെറുതോണി, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍, കാല്‍വരി മൗണ്ട് എന്നിവിടങ്ങളിലെത്തിയ യാത്രാസംഘം ഇടുക്കി അണക്കെട്ട് എന്ന മഹാവിസ്മയത്തിന്റെ ചരിത്രപശ്ചാത്തലം ചോദിച്ചറിഞ്ഞും കുളിര്ക്കാഴ്ചകളെ മനസിലേറ്റുവാങ്ങിയുമാണ് മലയിറങ്ങിയത്. 85 കാരിയായ മേരി പൗലോസായിരുന്നു യാത്രാസംഘത്തിലെ മുതിര്‍ന്ന അംഗം. 17 മണിക്കൂര്‍ നീണ്ട ഉല്ലാസയാത്രയില്‍ പ്രായം മറന്നാണ് മുതിര്‍ന്ന പൗരന്മാര് ആവേശപൂര്‍വം പങ്കെടുത്തത്. വിനോദത്തിനപ്പുറം വിജ്ഞാനം കൂടി പകരുന്നതായി യാത്രയെന്ന് വയോജനക്ലബ് അംഗങ്ങള്‍ പറഞ്ഞു.
ഇത്തരത്തിലുള്ള യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ ഇനിയും തങ്ങളെ പങ്കാളികളാക്കണമെന്ന് അഭ്യര്‍ഥനയോടെയാണ് പലരും വീട്ടിലേക്ക് മടങ്ങിയത്. വരുംവര്‍ഷങ്ങളിലും ഇത്തരം യാത്രകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.