കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു
text_fieldsകൊടകര: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയില്‍ നടപ്പാക്കുന്ന ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് കെ.കെ. രാമചന്ദ്രന് എം.എല്‍.എയും കലക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘവും കുഞ്ഞാലിപ്പാറ പ്രദേശത്ത് സന്ദര്‍ശനം നടത്തി. കുഞ്ഞാലിപ്പാറയുടെ പ്രകൃതി സൗന്ദര്യം സംരക്ഷിച്ച് വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കാനൊരുങ്ങുന്നത്.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്കുളളിലും ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലുള്‍പ്പെടുത്തിയാണ് കുഞ്ഞാലിപ്പാറയും മുഖം മിനുക്കുന്നത്. ടൂറിസം വകുപ്പും മറ്റത്തൂര്‍ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.
കാല്‍നടപ്പാലം, ടിക്കറ്റ് കൗണ്ടര്‍, ബയോ ടോയ്ലറ്റുകള്, കുന്നിന്റെ താഴത്ത് കുട്ടികള്‍ക്കായി കളിസ്ഥലം, റസ്റ്ററന്റ്, കഫേ, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയിലൂടെ സജ്ജമാക്കാനുള്ള പ്രോജക്ട് നേരത്തെ പഞ്ചായത്ത് സമര്‍പ്പിച്ചിരുന്നു. പാര്‍പ്പിട മേഖലകള്‍ക്കുചുറ്റും സി.സി.ടി.വി ക്യാമറകളും വേലികളും സ്ഥാപിക്കും. സാഹസിക വിനോദസഞ്ചാരത്തിന് സൗകര്യവും ഒരുക്കും.
കുന്നിന്റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്കനുസരിച്ചുളള മലകയറ്റങ്ങള്‍, റോപ്പ്വേ മുതലായവയാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്. കുഞ്ഞാലിപാറയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന ടൂറിസ്റ്റ് ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ സ്ഥാപിക്കും.
നിര്‍ദ്ദിഷ്ട പദ്ധതിയുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനായാണ് കെ.കെ. രാമചന്ദ്രന് എം.എല്‍.എ, ജില്ല കലക്ടര്‍ കൃഷ്ണതേജ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി സി. വിജയരാജ്, തഹസില്‍ദാര്‍ ഇ.എന്‍. രാജു തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചത്.
തുടര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തില്‍ എം.എല്‍.എയും കലക്ടറും പങ്കെടുത്തു. എത്രയും വേഗം പദ്ധതി നടപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച കെ.കെ. രാമചന്ദ്രന് എം.എല്‍.എ പറഞ്ഞു. പദ്ധതിക്കാവശ്യമായ എല്ലാ സഹായങ്ങളും റവന്യൂ വകുപ്പില്‍നിന്ന് ഉണ്ടാവുമെന്ന് കലക്ടര്‍ വി.ആര്. കൃഷ്ണതേജയും അറിയിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ സനല ഉണ്ണികൃഷ്ണന്, ദിവ്യ സുധീഷ്, വാര്‍ഡ് അംഗം സുമേഷ് മൂത്തമ്പാടന്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, ജൂനിയര്‍ സൂപ്രണ്ട് എ.എസ്. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.