കുഞ്ഞാലിപ്പാറ ഖനനം: ആരോഗ്യം, കുടിവെള്ളം, കൃഷി... നാശം സർവത്ര
text_fieldsകൊടകര: മറ്റത്തൂര്‍ കുഞ്ഞാലിപ്പാറയിലെ ക്രഷറും ക്വാറിയും പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തേയും കുടിവെള്ള ലഭ്യതയേയും സാരമായി ബാധിക്കുന്നതായി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ കാര്‍ഷികോല്‍പ്പാദനം ഗണ്യമായി കുറയാനും വന്യജീവി ശല്യം വര്‍ധിക്കാനും ഖനന പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റത്തൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡിലുള്ള ഒമ്പതുങ്ങല്‍ പ്രദേശത്തെ കുഞ്ഞാലിപ്പാറ കുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് പരിഷത്തിെൻറ കൊടകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠന സർവേ നടത്തിയത്. ഇവിടെയുള്ള 180 വീടുകളിലെ 706 പേരെ തെരഞ്ഞെടുത്തായിരുന്നു സര്‍വേ. കാലിക്കറ്റ് സര്‍വകാലാശാല സാമ്പത്തിക ശാസ്ത്രവിഭാഗം തലവന്‍ ഡോ. ഷൈജന്‍, ശ്രീകേരളവര്‍മ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. ടി.ഡി. സൈമണ്‍, ഫോറസ്ട്രി കോളജ് ഡീന്‍ ഡോ. കെ. വിദ്യാസാഗര്‍ എന്നിവരുടെ സഹകരണത്തോടെ നടന്ന സര്‍വേയില്‍ ഡോ. ജോണ്‍ മത്തായി സെൻററിലെ പി.ജി വിദ്യാര്‍ഥികളും ഗവേഷക വിദ്യാർഥികളുമാണ് പങ്കെടുത്തത്. പരിഷത്തിെൻറ യുവസമിതി കോഓഡിനേറ്റര്‍ ടി.വി. ഗ്രീഷ്മ, ജില്ല പരിസര വിഷയസമിതി കണ്‍വീനര്‍ ടി.വി. വിശ്വംഭരന്, കെ.കെ. അനീഷ്കുമാര്‍, പി.കെ. അജയകുമാര്‍, എം. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
കുഞ്ഞാലിപ്പാറയില്‍ ക്രഷറും ക്വാറിയും പ്രവര്‍ത്തനം തുടങ്ങിയ ശേഷം 2009 മുതല്‍ 2019 വരെയുള്ള 10 വര്‍ഷത്തിനുള്ളില്‍ ജനജീവിതത്തിന് വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്ന് സര്‍വേയിലെ കണ്ടെത്തി. 238 പേര്‍ക്ക് വിവിധ രോഗങ്ങളുള്ളതായും അതിലധികവും ശ്വാസകോശ സംബന്ധമായ രോഗങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്. ക്രഷറില്‍നിന്നുള്ള പൊടി മൂലം ആസ്ത്മ, ചുമ എന്നിവക്കു പുറമെ ത്വഗ് രോഗങ്ങളും അലര്‍ജിയും ഉള്ളതായി കണ്ടെത്തി. കിണറുകളില്‍ ജലവിതാനം താഴുന്നതായും കിണര്‍ വെള്ളത്തില്‍ അമ്ലം കൂടുന്നതായും പഠനത്തില്‍ പറയുന്നു.
അടുത്തകാലത്തു നിര്‍മിക്കപ്പെട്ടവ അടക്കമുള്ള കോണ്‍ക്രീറ്റ് വീടുകള്‍ക്ക് വിള്ളലുകളുള്ളതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രഷറും ക്വാറിയും പ്രവര്‍ത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമലിനീകരണം മൂലം വന്യജീവികള്‍ കാടിറങ്ങി കൃഷി നാശം വരുത്തുന്നത് 10 വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചതായും മേഖലയിലെ കാര്ഷികോല്പാദനം ഗണ്യമായി കുറഞ്ഞതായും പഠനം വെളിപ്പെടുത്തുന്നു. ക്രഷറും ക്വാറിയും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളടക്കമുള്ളവ സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിച്ചത്.
ക്വാറി നടത്തിപ്പുകാർ പറയുന്നത്
കുഞ്ഞാലിപ്പാറയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ്. വ്യവസായ സംരംഭം എന്ന നിലക്ക് ആവശ്യമായ എല്ലാ അനുമതികളും വിവിധ വകുപ്പുകളില്‍നിന്നു ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഖനനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല.
കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി മുന്നോട്ടുവെക്കുന്നത്
- കൈയേറിയതും മറ്റത്തൂര്‍ പഞ്ചായത്തിന് അവകാശപ്പെട്ടതുമായ ഭൂമിയും പൊതു റോഡുകളും തിരിച്ചുപിടിക്കുകയും പഞ്ചായത്തിെൻറ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.
- പൊതുജനങ്ങള്‍ കുഞ്ഞാലിപ്പാറയിലേക്ക് പ്രവേശിച്ചിരുന്ന റോഡ് തുറന്ന് കൊടുക്കുക
- വ്യാജരേഖകള്‍ ഹാജരാക്കി നേടിയ ഖനനാനുമതി റദ്ദാക്കുക
- വനംവകുപ്പ് നല്കിയ സ്റ്റോപ് മെമ്മോക്കെതിരെ ക്വാറി ഉടമ നേടിയ കോടതി സ്റ്റേക്കെതിരെ വനംവകുപ്പ് അപ്പീല്‍ നല്‍കുക
- ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലം വനഭൂമി അല്ലെന്ന തെറ്റായ വിവരം നല്കി നേടിയ പാരിസ്ഥിതിക അനുമതി റദ്ദാക്കാൻ നടപടിയെടുക്കുക
- മേല്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അനധികൃത ക്വാറിയായി പ്രഖ്യാപിക്കുകയും അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്യുക
- ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയ കുഞ്ഞാലിപ്പാറ പ്രദേശത്തെ ഖനന നിരോധന മേഖലയായി പ്രഖ്യാപിക്കുക
- കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് പൊതുവഴി കൈയേറി സ്ഥാപിച്ച ക്രഷര്‍ പ്ലാൻറിെൻറ പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.