എവിടെ തിരിഞ്ഞാലും ഒച്ചുകൾ; സഹികെട്ട് നെല്ലായിക്കാർ
text_fieldsകൊടകര: ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം മൂലം വലയുകയാണ് പറപ്പൂക്കര പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലായിയും പരിസരപ്രദേശങ്ങളും. ഇവിടെയുള്ള സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലടക്കം എണ്ണമറ്റ ഒച്ചുകളാണ് വിഹരിക്കുന്നത്. ഒച്ച് ശല്ല്യം പ്രതിരോധിക്കാന്‍ അധികാരികള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നെല്ലായി ജങ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡില്‍ തൊഴിലാളികള്‍ക്ക് സ്വസ്ഥമായി ഇരിക്കാന്‍ പോലും കഴിയുന്നില്ല. രാവിലെ സ്റ്റാൻഡിലെത്തിയാല്‍ ഉപ്പുപൊടി വാങ്ങി ഒച്ചുകളുടെ മീതെ വിതറലാണ് ഇവരുടെ ആദ്യ ജോലി. ദേശീയപാതയോരത്തുള്ള സ്റ്റാൻഡിന് സമീപത്തെ കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലും ഒച്ചുകള്‍ നിറഞ്ഞിരിക്കയാണ്. രണ്ട് മാസം മുമ്പാണ് ഇവിടെ ഒച്ചുകളെ കണ്ടു തുടങ്ങിയത്. മഴ കനത്തതോടെ ഇവയുടെ എണ്ണം പെരുകി. ഇപ്പോള്‍ നോക്കുന്നിടത്തെല്ലാം ചെറുതും വലുതുമായ കൂട്ടമാണ്. ഉപ്പ് വിതറി കൊന്നൊടുക്കിയിട്ടും ഇവയുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവസം ചെല്ലുന്തോറും സമീപത്തെ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയാണ് ഇവ.
രാവിലെ വ്യാപകമായി കാണപ്പെടുന്ന ഒച്ചുകള്‍ വെയിലുദിച്ചാല്‍ ഈര്‍പ്പമുള്ളിടങ്ങളിൽ ഒതുങ്ങികൂടും വൈകുന്നേരമായാല്‍ വീണ്ടും ചെടികളിലും പൊതുസ്ഥലങ്ങളിലും ഇവയെ കൂട്ടമായി കാണും.
നെല്ലായി സര്‍വിസ് റോഡരുകില്‍ രാത്രിയില്‍ നിര്‍ത്തിയിടുന്ന ചരക്കുലോറികളിലും മറ്റ് വാഹനങ്ങളിലും ഇവ കൂട്ടമായി കയറി കൂടുന്നുണ്ട്.
നെല്ലായി വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവയുടെ പരിസരങ്ങളിലും കൂട്ടമായി കാണുന്നുണ്ട്. രാവിലെ ഓഫിസ് തുറക്കുമ്പോള്‍ ഭിത്തിയിലും വാതിലുകളിലും ജനലുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകളെ ഇല്ലാതാക്കുന്ന ശ്രമകരമായ പണി കൂടി ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ചെയ്യേണ്ടി വരുന്നു. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചുകളെ ഇല്ലാതാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.