ആദിത്യൻ കാത്തിരിക്കുന്നു, അര്ജുന് സമ്മാനിക്കാൻ മിനിയേച്ചര്‍ ട്രക്കുമായി
text_fieldsകൊടകര: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്ജുന് ജീവിതത്തിലേക്ക് മടങ്ങിവന്നാല്‍ കൊടുക്കാൻ അപൂര്‍വമായൊരു സമ്മാനം ഉണ്ടാക്കി കാത്തിരിക്കുകയാണ് കൊടകരയിലുള്ളൊരു കൊച്ചുകലാകാരന്. അര്ജുന് ഓടിച്ചിരുന്ന ട്രക്കിന്റെ മിനിയേച്ചര്‍ രൂപമാണ് കൊടകര മനക്കുളങ്ങരയിലെ 18കാരനായ ആദിത്യന് നിര്‍മിച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ നിറഞ്ഞ ചിത്രങ്ങളും വിഡിയോകളും കണ്ടപ്പോഴാണ് മടങ്ങിയെത്തിയാല്‍ സമ്മാനിക്കാൻ അര്ജുന് ഓടിച്ചിരുന്ന ട്രക്കിന്റെ ചെറുരൂപം നിര്‍മിക്കാന്‍ ആദിത്യന് തീരുമാനിച്ചത്. ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നടന്ന നാളുകളില്‍ കൊടകരയിലെ വീട്ടിലിരുന്ന് അര്‍ജുന്റെ ട്രക്കിനെ പുനരാവിഷ്കരിക്കുന്ന തിരക്കിലായിരുന്നു ഈ കൊച്ചുകലാകാരന്.
ട്രക്കിനെ ചിത്രങ്ങൾ നോക്കിയാണ് ആദിത്യന് രൂപം കൊടുത്തത്. മള്‍ട്ടിവുഡ്, പോളികാര്‍ബണ്‍ ഷീറ്റ്, പി.വി.സി ഷീറ്റ്, പശ, കട്ടിങ് ബ്ലഡ്, സ്പ്രേ പെയിന്റ് എന്നിവ ഉപയോഗിച്ച് ഒരുമാസം സമയമെടുത്താണ് മിനിയേച്ചര്‍ പതിപ്പ് ആദിത്യന് സൃഷ്ടിച്ചത്. ഭാരത് ബെന്‍സിന്റെ ട്രക്കിനെ അതേപടി പുനര്‍നിര്‍മിച്ചിരിക്കുകയാണ്.
ആദിത്യന് എട്ടാം ക്ലാസിലെത്തിയപ്പോഴാണ് വാഹനങ്ങളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങുന്നത്. ടൂറിസ്റ്റ് ബസ്, കെ.എസ്.ആര്.ടി.സി ബസ്, സ്വകാര്യ ബസുകള്‍, ലോറി, ജീപ്പ് എന്നീ വാഹനങ്ങളുടെ നിരവധി മിനിയേച്ചര്‍ പതിപ്പുകള്‍ ആദിത്യന്റെ കരവിരുതില്‍ രൂപം കൊണ്ടു. ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ സര്‍വിസില്‍നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹത്തിന് സമ്മാനിക്കാൻ ആദിത്യന് നിര്‍മിച്ച പൊലീസ് ജീപ്പിന്റെ മിനിയേച്ചര്‍ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂള്‍ അധികൃതര്‍ മുഖേനയാണ് ഈ സമ്മാനം ബെഹ്റക്ക് അയച്ചുകൊടുത്തത്. സംസ്ഥാന കരകൗശല കോര്പറേഷന് ചെയര്മാന് ഏതാനും വര്‍ഷം മുമ്പ് വീട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. സ്കൂള്‍ ബസിന്റെ മിനിയേച്ചര്‍ പതിപ്പുണ്ടാക്കി മാതൃവിദ്യാലയത്തിന് സമ്മാനിച്ചു. ഇതിന്റെ ചിത്രവും വിഡിയോയും സ്കൂൾ അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് വാഹനനിര്‍മാതാക്കളായ ടാറ്റ കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പെട്ടു. ടാറ്റയുടെ ജനറല്‍ മാനേജര്‍ ആദിത്യനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും പുതിയ ആംബുലന്‍സ് വാഹനത്തിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് ആംബുലന്‍സിന്റെ രണ്ട് മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മിച്ചു നല്കാനാവശ്യപ്പെടുകയും ചെയ്തു. മനക്കുളങ്ങര പോത്തിക്കര സബീഷ്-സബിത ദമ്പതികളുടെ മകനാണ് ആദിത്യന്. മാതാപിതാക്കളും മനക്കുളങ്ങര സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. സീമ, കെ. സനല്‍, കൊടകര ഗവ. ബോയ്സ് ഹൈസ്കൂളിലെ അധ്യാപിക പി.പി. സന്ധ്യ എന്നിവരുമാണ് തനിക്ക് പ്രോത്സാഹനം നല്‍കുന്നതെന്ന് ആദിത്യന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.