മറ്റത്തൂരില്‍ ആധുനിക ശ്മശാനം ഒരുങ്ങുന്നു
text_fieldsകൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ആധുനിക ശ്മശാനം നിർമാണം മാങ്കുറ്റിപ്പാടത്ത് പുരോഗമിക്കുന്നു. പഞ്ചായത്ത് അധീനതയിലുള്ള പൊതുശ്മശാനത്തിന്റെ അരയേക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തിയാണ് 75 ലക്ഷം രൂപ ചെലവില്‍ ക്രിമറ്റോറിയം നിര്‍മിക്കുന്നത്.
2000 ചതുരശ്ര അടി വിസ്തൃതിയുണ്ടാകും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യത്തെ ആധുനിക ശ്മശാനമാണിത്. ഓഫിസ് റൂം, ശൗചാലയം, മതപരമായ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള ഇടം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. 2019ല്‍ നിര്‍മാണം തുടങ്ങിയ ക്രിമറ്റോറിയത്തിന്റെ പണി കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിർത്തിവെച്ചിരുന്നു.
ഫര്‍ണസ് അടക്കമുള്ളവ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ഈ മാസം അവസാനത്തോടെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണം നടക്കുന്നതിനാല്‍ പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
മറ്റത്തൂര്‍ പഞ്ചായത്തിന് കീഴിലെ ഈ പൊതുശ്മശാനത്തെ പുതുക്കാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയുംവിധമുള്ള ക്രിമറ്റോറിയമാക്കി മാറ്റാന്‍ ഒമ്പത് വര്‍ഷം മുമ്പ് നീക്കം നടന്നിരുന്നു. ഇതിൽ ശക്തമായ എതിര്‍പ്പ് ഉയരുകയും മാങ്കുറ്റിപ്പാടത്തെ ശ്മശാനം മറ്റത്തൂര്‍ പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മാത്രമാക്കി നവീകരിക്കണമെന്ന് പ്രത്യേക ഗ്രാമസഭ പ്രമേയം പാസാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.