മണ്ണിനും മരങ്ങള്‍ക്കുമായി ജീവിതം സമര്‍പ്പിച്ച് മാവ് മോഹന്‍ദാസ്
text_fieldsകൊടകര: പരിസ്ഥിതി സംരക്ഷണത്തിന് ജീവിതം മാറ്റിവെച്ച ഒരാളുണ്ട് കൊടകരയില്‍. മണ്ണിനെയും മരങ്ങളെയും പുഴകളെയും സ്നേഹിച്ച് കൊടകരയുടെ വഴികളിലൂടെ ഏകാകിയായി നടന്നുപോകുന്ന ഒരാള്‍. പരിസ്ഥിതി സംരക്ഷകന്‍ എന്ന വാക്കിന് പകരംവെക്കാന്‍ മാവ് മോഹന്‍ദാസ് എന്നറിയപ്പെടുന്ന എം. മോഹന്‍ദാസ് അല്ലാതെ കൊടകരക്കാര്‍ക്ക് മറ്റൊരാളില്ല.
നേരത്തേ എത്യോപ്യയില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് കൊടകരയിൽ സമാന്തര കോളജ് ആരംഭിക്കുകയായിരുന്നു. ബംഗാളി എഴുത്തുകാരന് വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക നോവലിലെ കഥാപാത്രമായ യുഗളപ്രസാദനെ കേന്ദ്രമാക്കി വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതിയ കവിതയാണ് നാട്ടുമാവുകള്‍ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതിക്ക് മോഹന്‍ദാസിന് പ്രചോദനം നല്‍കിയത്.
അന്യംനിന്നുപോകുന്ന നാട്ടുമാവിനങ്ങളുടെ സംരക്ഷണത്തിന് രണ്ട് പതിറ്റാണ്ട് മുമ്പ് മോഹന്‍ദാസ് തുടങ്ങിവെച്ച ആരണ്യക് പദ്ധതി കേരളക്കരയാകെ ശ്രദ്ധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കൊടകരയിലെ വഴിയോരങ്ങളിലും പൊതുസ്ഥാപനങ്ങളുടെ അങ്കണങ്ങളിലുമായി രണ്ടായിരത്തോളം നാട്ടുമാവുകളാണ് അന്ന് നട്ടുപിടിപ്പിച്ചത്. 1001ാമത്തെ മാവിന്‍തൈ നടാനെത്തിയത് കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച നാട്ടുമാവിനങ്ങളുടെ വിത്തുകളാണ് കൊടകരയില്‍ കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചത്. സുകുമാര്‍ അഴീക്കോട്, സുഗതകുമാരി, ആനന്ദ്, കല്ലേന്‍ പൊക്കൂടന്‍, മയിലമ്മ, ഡോ. എം. ലീലാവതി, മുല്ലനേഴി, മുരുകന് കാട്ടാക്കട, സാറ ജോസഫ് തുടങ്ങിയവരെല്ലാം വിവിധ വര്‍ഷങ്ങളിലായി കൊടകരയിലെത്തി മാവിന്‍തൈ നട്ടവരാണ്.
കൊടകര ആരോഗ്യ കേന്ദ്രം, കമ്യൂണിറ്റി ഹാള്‍, കനാല്‍ ബണ്ടുകള്‍, വഴിയോരങ്ങള്‍ എന്നിവിടങ്ങളില്‍ നിറഞ്ഞ് കായ്ച്ചുനില്ക്കുന്ന മാവുകളെല്ലാം തന്നെ മോഹന്‍ദാസ് മാഷും കുട്ട്യോളും ചേര്‍ന്ന് നട്ടുപിടിപ്പിച്ചവയാണ്.
അതിരപ്പിള്ളി പദ്ധതിക്കെതിരായ ചാലക്കുടി പുഴസംരക്ഷണ സമിതിയുടെ സമരത്തില്‍ മുന്‍നിര പോരാളിയായി നിന്ന കൊടകര മനക്കുളങ്ങര മലയാറ്റില്‍ വീട്ടില്‍ മോഹന്‍ദാസ് എന്ന 68കാരന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളില്‍ ഇപ്പോഴും സജീവമാണ്.
മതിയായ കാരണമില്ലാതെ പൊതുഇടങ്ങളിലെ വൃക്ഷങ്ങള്‍ വെട്ടിനീക്കാന്‍ ശ്രമിച്ചാല്‍ മോഹന്‍ദാസ് മാഷ് ഓടിയെത്തി ചെറുക്കും. പോട്ട മൂന്നുപീടിക സംസ്ഥാന പാതയിൽ ആളൂരിലുള്ള മുത്തശ്ശി മാവുകള്‍ വെട്ടിനീക്കാനുള്ള അധികൃതരുടെ തീരുമാനം ജനകീയ പ്രതിഷേധമുയര്‍ത്തി പിന്‍വലിപ്പിച്ചതില്‍ മോഹന്‍ദാസ് മാഷുടെ പങ്ക് ചെറുതല്ല.
വൃക്ഷങ്ങള്‍ മുറിച്ചുനീക്കാതെ തന്നെ കെട്ടിടം പണിയാനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്ന സംസ്കാരം രൂപപ്പെടേണ്ടതുണ്ടെന്ന് ഇദ്ദേഹം പറയുന്നു. പുതിയ കാലത്ത് കെട്ടിടമാണോ മരമാണോ വികസനത്തിന്റെ വഴി എന്നു ചോദിച്ചാല്‍ മരമാണ് എന്നു പറയുന്ന തലമുറയാണ് ഇനി വരുന്നത്.
മരംവെട്ടി കെട്ടിടം നിര്‍മിച്ചാല്‍ അതിനെ വരും തലമുറ ചോദ്യം ചെയ്യുമെന്നും മോഹന്‍ദാസ് പറയുന്നു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ പരിസ്ഥിതി സംരക്ഷണരംഗത്തെ പ്രവര്‍ത്തനങ്ങളെ മാനിച്ച് കൊടകര പഞ്ചായത്ത് എം. മോഹന്‍ദാസിനെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.