കാട്ടാനയെ കണ്ട് ഭയന്ന് മരിച്ച റാബിയയുടെ കുടുംബത്തിന് സഹായം അകലെ
text_fieldsകൊടകര: അടുക്കള വാതിലിനു സമീപം കാട്ടാനയെ കണ്ട് ഭയന്ന് റാബിയ മരിച്ചിട്ട് രണ്ടുവര്‍ഷം തികയുമ്പോഴും കുടുംബത്തിന് സഹായം കിട്ടാക്കനിയാവുന്നു. മരിച്ച യുവതിയുടെ ആശ്രിതര്‍ക്കുള്ള സഹായത്തിനായി ഭര്‍ത്താവ് മാസങ്ങളോളം സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
ചൊക്കനയിലെ എസ്റ്റേറ്റ് പാഡിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളിയായ കൊഴപ്പവീട്ടില് മുഹമ്മദലിയുടെ ഭാര്യ റാബിയ (34) 2020 ഫെബ്രുവരി 14ന് പാത്രം കഴുകാനായി അടുക്കളയുടെ പിറകുവശത്തെ വാതില്‍ തുറന്നപ്പോള്‍ തൊട്ടുത്ത് കാട്ടാന നില്‍ക്കുന്നത് കണ്ട് ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു ദിവസത്തിനു ശേഷം മരിച്ചു.
റാബിയയുടെ ദാരുണാന്ത്യം അറിഞ്ഞ് ജനപ്രതിനിധികളടക്കം ഒട്ടേറെ പേര് ചൊക്കനയിലെ വീട് സന്ദര്‍ശിക്കുകയും ഭര്‍ത്താവ് മുഹമ്മദലിയെയും അഞ്ചുമാസം മാത്രം പ്രായമുള്ള മകന് ആദില്ഷായടക്കമുള്ള കുട്ടികളെയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
വന്യജീവി ശല്യത്തിന് പരിഹാരം കാണാനും റാബിയയുടെ ആശ്രിതര്‍ക്ക് സഹായം ലഭ്യമാക്കാനും സാധ്യമായ നടപടികളെടുക്കുമെന്ന് ഉറപ്പു നല്‍കിയാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍, റാബിയ മരിച്ച് രണ്ടു വര്‍ഷമാകുമ്പോഴും ചൊക്കന ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് കുറവുണ്ടായിട്ടില്ല. റാബിയയുടെ കുടുംബത്തിന് സര്‍ക്കാറില്‍നിന്ന് ഒരു രൂപ പോലും സഹായവും ലഭിച്ചില്ല.
സഹായത്തിനായി റാബിയയുടെ ഭര്‍ത്താവ് മുഹമ്മദാലി കയറിയിറങ്ങാത്ത ഓഫിസുകളില്ല. മുഖ്യമന്ത്രി, വനം മന്ത്രി, കലക്ടര്‍ എന്നിവരടക്കമുള്ളവര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കാട്ടാന നേരിട്ട് ആക്രമിച്ചിട്ടില്ലാത്തതിനാല്‍ സഹായം അനുവദിക്കാനാവില്ലെന്ന് നിലപാടാണ് വനം വകുപ്പ് അധികൃതര്‍ സ്വീകരിച്ചത്.
മരിച്ചത് ന്യുമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് അധികൃതര്‍ സഹായത്തിനായുള്ള അപേക്ഷയുടെ ഫയല്‍ തീര്‍പ്പാക്കി.
ജനിച്ച് ആറു മാസം തികയും മുമ്പേ ഉമ്മയെ നഷ്ടപ്പെട്ട മകന് ആദില്‍ ഷായുടെ സംരക്ഷണത്തിനാവശ്യമായ സഹായമെങ്കിലും അനുവദിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ലെന്ന് മുഹമ്മദലി പറഞ്ഞു. മുഹമ്മദലിയും കുട്ടികളും ഇപ്പോള്‍ താമസിക്കുന്ന തൊഴിലാളി പാഡി ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.