വേനൽമഴയില്ല; വറ്റിവരണ്ട് മുപ്ലി പുഴ
text_fieldsകൊടകര: വേനൽ ചൂടേറിയതോടെ മുപ്ലി പുഴ വറ്റിവരണ്ടു. എല്ലാ വര്‍ഷവും വേനലില്‍ പുഴ വറ്റാറുണ്ടെങ്കിലും ഏപ്രിലില്‍ വേനല്‍മഴ പെയ്ത് കുറച്ചെങ്കിലും വെള്ളം ഒഴുകാറുണ്ട്. ഇത്തവണ ഏപ്രില്‍ പകുതിയായിട്ടും വേനല്‍മഴ കനത്ത് പെയ്യാത്തതിനാല്‍ തീര്‍ത്തും വറ്റിവരണ്ടു.
ഇതോടെ കാരിക്കടവ് ആദിവാസി കോളനി, ചൊക്കന, കുണ്ടായി, കാരികുളം തോട്ടംമേഖല എന്നിവിടങ്ങളിലുള്ളവര്‍ കടുത്ത ജലക്ഷാമത്തിലാണ്. കുറുമാലിയുടെ പ്രധാന പോഷക പുഴയാണ് മുപ്ലി. പരിയാരം പഞ്ചായത്തിലെ വനമേഖലയില്‍നിന്ന് ഉദ്ഭവിക്കുന്ന പുഴ കോടശേരി, മറ്റത്തൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളത്തുവെച്ചാണ് കുറുമാലി പുഴയുമായി ചേരുന്നത്. വേനലില്‍ വറ്റിവരളുന്ന മുപ്ലിയിൽ മഴക്കാലത്ത് ശക്തമായ കുത്തൊഴുക്കുണ്ടാകാറുണ്ട്.
ചൊക്കന, കാരിക്കടവ് മേഖലയിലെ വന്യജീവികള്‍ ദാഹമകറ്റുന്നതും മുപ്ലി പുഴയിൽനിന്നാണ്. പുഴയോരത്ത് ചുറ്റിത്തിരിയാറുള്ള കാട്ടാനക്കൂട്ടങ്ങളും മറ്റു വന്യജീവികളും പുഴ വറ്റിയതോടെ ഉള്‍ക്കാട്ടിലെ ചിമ്മിനി അണക്കെട്ട് പ്രദേശത്തേക്ക് ചേക്കേറി.
കാരിക്കടവ് ആദിവാസി കോളനിയുടെ ഓരം ചേര്‍ന്ന് ഒഴുകുന്ന പുഴ വറ്റി വരണ്ടതോടെ കോളനിയിലെ കുട്ടികളും യുവാക്കളും ചേര്‍ന്ന് പുഴയെ കാല്പന്തുകളി മൈതാനമാക്കി മാറ്റി. മഴ പെയ്ത് പുഴയില്‍ വെള്ളം ഒഴുകാന്‍ തുടങ്ങുന്നതുവരെ ഇവിടെ ആദിവാസി യുവാക്കള്‍ കാല്‍പ്പന്ത് കളി തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.