മനുഷ്യാവകാശ കമീഷൻ നിര്‍ദേശത്തിന് വിലയില്ല; മണ്‍ചിറ നിര്‍മാണത്തിന് പ്ലാസ്റ്റിക് ചാക്കുകള്‍ തന്നെ
text_fieldsകുറുമാലിപ്പുഴയില്‍ പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച താല്‍ക്കാലിക ചിറകളിലൊന്ന്
കൊടകര: കുറുമാലിപ്പുഴയില്‍ വേനലിൽ നിര്‍മിക്കുന്ന താല്‍ക്കാലിക മണ്‍ചിറകളുടെ നിര്‍മാണത്തിന് പ്ലാസ്റ്റിക് ചാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ് ജലരേഖയായി. ചിറകളുടെ നിര്‍മാണത്തിന് ഈ വര്‍ഷവും ഉപയോഗിച്ചത് ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകള്‍. പുഴയോര പഞ്ചായത്തുകളിലെ ജലക്ഷാമത്തിനു പരിഹാരമായാണ് വര്‍ഷങ്ങളായി കുറുമാലിപ്പുഴയില്‍ താല്‍ക്കാലിക ചിറകള്‍ കെട്ടുന്നത്.
വരന്തരപ്പിള്ളി, മറ്റത്തൂര്‍, പുതുക്കാട് പഞ്ചായത്തുകളിലെ ജലസേചനവും കുടിവെള്ള വിതരണവും സുഗമമാക്കാനും മേഖലയിലെ കിണറുകളിലും കുളങ്ങളിലും ജലവിതാനം നിലനിര്‍ത്താനും ലക്ഷ്യമിട്ട് നാലിടങ്ങളിലാണ് മണ്‍ചിറകള്‍ നിര്‍മിക്കുന്നത്. പണ്ട് മണല്‍ചാക്കുകളും വൃക്ഷങ്ങളുടെ ചില്ലകളും മുളയും മണ്ണും മാത്രം ഉപയോഗിച്ചായിരുന്നു നിർമാണം. ഇപ്പോള്‍ പൂര്‍ണമായും മണ്ണും മണലും നിറച്ച പ്ലാസ്റ്റിക് ചാക്കുകളാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷവും ജനുവരി രണ്ടാം വാരത്തോടെ ചിറകളുടെ നിര്‍മാണം ഇറിഗേഷന്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മഴക്കാലത്ത് ചിറകള്‍ പൊട്ടുമ്പോള്‍ ഈ പ്ലാസ്റ്റിക് ചാക്കുകളത്രയും പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നത് പുഴവെള്ളം മലിനമാകാന്‍ കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകർ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഗുരുതര ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്ത്തകന് കെ.ജി. രവീന്ദ്രനാഥ് 2023ല്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച കമീഷന് ചിറ നിര്‍മാണത്തിന് പ്ലാസ്റ്റിക് ചാക്കുകള്‍ ഒഴിവാക്കാനും ബദല്‍ സാധ്യതകള്‍ തേടാനും നിര്‍ദേശം നല്കി.
എന്നാല്‍, ഈ നിര്‍ദേശത്തിന് വിരുദ്ധമായാണ് മേജര്‍ ഇറിഗേഷന്‍ വകുപ്പ് കഴിഞ്ഞ വര്‍ഷവും ഇത്തവണയും കുറുമാലിപ്പുഴയില്‍ ചിറ നിര്‍മാണം നടത്തിയതെന്ന് രവീന്ദ്രനാഥ് ആരോപിച്ചു. പ്ലാസ്റ്റിക് നിര്‍മാര്‍ജനം നയമാക്കിയ സര്‍ക്കാര്‍ ജനങ്ങളുടെ കുടിവെള്ളത്തില്‍ പ്ലാസ്റ്റിക് കലരാനിടയാക്കുന്ന തരത്തിലുള്ള ചിറ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് താലൂക്ക് തല അദാലത്തില്‍ പരാതി നല്കി കാത്തിരിക്കുകയാണ് കെ.ജി. രവീന്ദ്രനാഥ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.