മീനുകളെ ഊട്ടി പ്രകാശന്‍റെ പ്രഭാതങ്ങള്‍
text_fieldsകൊടകര: അമ്പലകുളത്തിലെ മീനുകള്‍ക്ക് മുടങ്ങാതെ ഭക്ഷണം നല്‍കി സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃക തീര്‍ക്കുകയാണ് കൊടകര സ്വദേശി പ്രകാശന്‍. കൊടകര പൂനിലാര്‍കാവ് ഭഗവതി ക്ഷേത്രം വക കുളത്തിലെ മീനുകള്‍ക്കാണ് ദിവസവും തീറ്റ നല്‍കി പ്രകാശനന്‍ കരുതലൊരുക്കുന്നത്.
ഭക്തിയുടെ ഭാഗമായല്ല മീനുകളോട് തോന്നിയ വാത്സല്യത്തിന്‍റെ ഭാഗമായണ് പ്രകാശന്‍റെ ഈ മീനൂട്ട്. കൊടകര കാവില്‍ദേശത്തെ തെക്കേമഠത്തില്‍ പ്രകാശന്‍ ചെറുപ്പം മുതലേ ക്ഷേത്രക്കുളത്തിലാണ് രാവിലെ കുളിക്കുന്നത്. കുളത്തിലിറങ്ങിയാല്‍ ചുറ്റും പൊതിയുന്ന മീനുകളോട് എപ്പഴോ പ്രകാശന് വാത്സല്യം തോന്നി. അങ്ങനെയാണ് ആദ്യം മീനുകള്‍ക്ക് ഭക്ഷിക്കാനായി പഴം ഇട്ടുകൊടുത്തത്. പിന്നീട് എന്നും രാവിലെ കുളിക്കാന്‍ പോകുമ്പോള്‍ റോബസ്റ്റ് ഇനത്തില്‍ പെട്ട പഴം കയ്യില്‍ കരുതും.
പ്രകാശന്‍റെ സാന്നിധ്യം അറിയുമ്പേഴേക്കും കടവിലേക്ക് വെള്ളത്തിനു മീതെ കുതിച്ചെത്തുന്ന മീനുകള്‍ക്ക് പഴം നുറുക്ക് വിതറി കൊടുക്കുന്നത് പതിവായി. പഴത്തിനു പുറമെ ബ്രഡ്, ബിസ്‌ക്കറ്റ് എന്നിവയും ഓരോ ദിവസവും മാറി മാറി മീനുകള്‍ക്ക് നല്‍കാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ ഇഡലിയാണ് നല്‍കാറ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുളത്തിലെ മീനുകള്‍ക്ക് ഇങ്ങനെ മുടങ്ങാതെ തീറ്റ നല്‍കി വരുന്നുണ്ടെന്ന് പ്രകാശന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായി ലോക്ഡൗണില്‍ കടകള്‍ അടച്ചിട്ടപ്പോഴും പ്രകാശന്‍ മീനൂട്ട് മുടക്കിയില്ല. പരിചയക്കാരായ കടയുടമകളില്‍ നിന്ന് മീനുകള്‍ക്കാവശ്യമായ ആഹാരം വാങ്ങിയാണ് എന്നും രാവിലെ പ്രകാശന്‍ കുളക്കടവിലെത്തുന്നത്.
നിരവധി പേര്‍ കുളത്തില്‍ കുളിക്കാനെത്തുന്നുണ്ടെങ്കിലും പ്രകാശന്‍ എത്തുമ്പോള്‍ മീനുകള്‍ കൂട്ടത്തോടെ കുതിച്ചു ചാടും. മീനുകളുടെ ഈ സ്നേഹം നല്‍കുന്ന ഊര്‍ജ്ജമാണ് പ്രകാശന്‍റെ പ്രഭാതങ്ങളെ സന്തോഷഭരിതമാക്കുന്നത്. അമ്പതുകാരനായ പ്രകാശന്‍ കൊടകര ടൗണിലെ ഓട്ടോ തൊഴിലാളിയാണ്. കഴിയുന്നിടത്തോളം കാലം അമ്പലകുളത്തിലെ മീനുകളെ മക്കളേ പോലെ കരുതി തീറ്റിപോറ്റാനാണ് പ്രകാശന്‍റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.