കുടിവെള്ളമില്ലാതെ ദുരിതത്തിലായി പെരുമ്പിള്ളിച്ചിറ നിവാസികള്‍
text_fieldsകൊടകര: ഒരുമാസത്തോളമായി ശുദ്ധജലം ലഭിക്കാതെ വലയുകയാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറ, പുത്തനോളി, പത്തുകുളങ്ങര പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങള്‍. പൈപ്പില്‍ വെള്ളമെത്താതായതോടെ ഏറെ ദൂരം നടന്ന് കുടിവെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാർ. ഇഞ്ചക്കുണ്ട് കുടിവെള്ള പദ്ധതിയില്‍നിന്നാണ് പെരുമ്പിള്ളിച്ചിറ, പുത്തനോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തുന്നത്. കുറുമാലി പുഴയോരത്തുള്ള കല്‍ക്കുഴി പമ്പ് ഹൗസില്‍നിന്ന് എത്തുന്ന വെള്ളം ഇഞ്ചക്കുണ്ടിലുള്ള ജലസംഭരണിയില്‍ ശേഖരിച്ചാണ് പൈപ്പുവഴി വിതരണം ചെയ്യുന്നത്. ഒരുമാസം പ്രധാന ജലസംഭരണിയുടെ അറ്റകുറ്റപ്പണി തുടങ്ങിയതോടെയാണ് പെരുമ്പിള്ളിച്ചിറ, പുത്തനോളി പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം ആരംഭിച്ചത്.
പ്രധാന ജലസംഭരണിയുടെ സമീപെത്ത ചെറിയ ടാങ്കിനെ ആശ്രയിച്ചാണ് ഇപ്പോള്‍ ജലവിതരണം നടക്കുന്നത്. ഇതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്താതെയായി. ഒരുമാസമായി പുത്തനോളി, പെരുമ്പിള്ളിച്ചിറ പ്രദേശങ്ങളിലുള്ളവര്‍ക്ക് പൈപ്പുവെള്ളം ലഭിക്കുന്നില്ല. തൊഴിലുറപ്പു തൊഴിലാളികളും കൂലിപ്പണിക്ക് പോകുന്നവരും ജോലി കഴിഞ്ഞ് വന്നശേഷം ദൂരെ നിന്ന് കുടിവെള്ളം ചുമന്നുകൊണ്ടുവരേണ്ട ഗതികേടിലാണെന്ന് പ്രദേശത്തെ വീട്ടമ്മമാര്‍ പറഞ്ഞു. ദൂരെ നിന്ന് വാഹനങ്ങളില്‍ കുടിവെള്ളം കൊണ്ടുവരുന്നവരുമുണ്ട്. കുടിവെള്ളം കിട്ടാതെ ജനം വലയാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടായിട്ടില്ല. വാട്ടര്‍ അതോറിറ്റി അധികൃതരോടും പഞ്ചായത്ത് അധികൃതരോടും പല തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കുള്ള വിതരണ പൈപ്പുകള്‍ പമ്പിങ് മെയിനുമായി ബന്ധിപ്പിച്ച് നേരിട്ട് പമ്പിങ് നടത്തിയാല്‍ പ്രശ്നം പരിഹരിക്കാനാവുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പെരുമ്പിള്ളിച്ചിറയിലെ മിനി കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കാത്തതും ദുരിതത്തിന് കാരണമായിട്ടുണ്ട്. മോട്ടോര്‍ തകരാര്‍ പരിഹരിക്കാത്തതാണ് പമ്പിങ് മുടങ്ങാന്‍ കാരണമായത്. വേനല്‍ക്കാലമായാല്‍ ശുദ്ധജലക്ഷാമം നേരിടുന്ന പത്തുകുളങ്ങര, പുത്തനോളി, പെരുമ്പിള്ളിച്ചിറ പ്രദേശങ്ങളിലെ കുടുംബങ്ങളിലേക്ക് ജലജീവന്‍ പദ്ധതി പ്രകാരം ഗാര്‍ഹിക കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, കണക്ഷനുകളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് കുടിവെള്ള വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാത്തതും ജലവിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.