കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച
text_fieldsകൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍നിന്ന് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ക്ഷേത്രസാമഗ്രികളും പണവും കവർന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. പിന്നില്‍ ഒന്നിലേറെ പേര് ഉണ്ടെന്നാണ് സംശയിക്കുന്നത്. കോലത്തിലെ സ്വര്‍ണാഭരണങ്ങള്‍ ഇളക്കിയെടുത്ത ശേഷമാണ് ഉപേക്ഷിച്ചത്. തെക്കേ നടയിലെ ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ക്ഷേത്രത്തിലെ നിരീക്ഷണ കാമറുകളുടെ ഡി.വി.ആര് ഇളക്കി കൈക്കലാക്കിയ ശേഷമാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്. ക്ഷേത്രത്തോട് ചേര്‍ന്ന് മേല്‍ശാന്തി ഉറങ്ങിയിരുന്ന മുറി പുറത്ത് നിന്ന് പൂട്ടുകയും ചെയ്തിട്ടുണ്ട്.
ക്ഷേത്രഗോപുരത്തോടുചേര്ന്ന കലവറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പൂശിയ കോലമാണ് പ്രധാനമായും നഷ്ടപ്പെട്ടത്. സ്വര്‍ണത്തിന്റെ ഇളക്കത്താലികള് പതിച്ച കോലത്തിന് രണ്ടുലക്ഷം രൂപയോളം വിലമതിക്കും. ശ്രീകോവിലിന്റെയും ഉപദേവ പ്രതിഷ്ഠകളുടെയും വാതിലുകള്‍ കുത്തിതുറന്നിട്ടുമുണ്ട്. ശ്രീകോവിലില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ആറ് ഭണ്ഡാരങ്ങളും കുത്തിതുറന്ന് പണം കവര്‍ന്നിട്ടുണ്ട്. നോട്ടുകള്‍ മാത്രം എടുത്ത് നാണയങ്ങള്‍ തറയില്‍ ഉപേക്ഷിച്ച നിലയിലാണ്.
വ്യാഴാഴ്ച പുലര്‍ച്ച ക്ഷേത്രത്തിലെത്തിയ കഴകക്കാരിയാണ് ഉപദേവ പ്രതിഷ്ഠകളുടെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. ഉടന്‍ മേല്‍ശാന്തിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. മേല്‍ശാന്തി മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് പുറത്തുനിന്ന് പൂട്ടിയതായി മനസിലായത്.
സംഭവമറിഞ്ഞെത്തിയ ക്ഷേത്ര ഭാരവാഹികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ഉടന്‍ കൊടകര പോലീസ് സ്ഥലത്തെത്തി. ക്ഷേത്രത്തില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ കോലം രാവിലെ പത്തോടെ ക്ഷേത്രത്തിനു കുറച്ചകലെയുള്ള വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. കോലത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷമാണ് ഉപേക്ഷിച്ചത്. ഉച്ചയോടെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.