ഉളുമ്പത്തുകുന്നിലെ സർവിസ് റോഡ് കടലാസിൽ തന്നെ
text_fieldsകൊടകര: ദേശീയപാത നാലുവരിപാതയാക്കി വികസിപ്പിച്ച് ടോള്‍ ഇനത്തില്‍ കോടികള്‍ പിരിച്ചെടുക്കാന്‍ തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍വിസ് റോഡുകള്‍ പലയിടത്തും ഇപ്പോഴും കടലാസില്‍ തന്നെ. പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുകുന്ന് മുതല്‍ കൊളത്തൂര്‍ വരെയുള്ള ഭാഗത്ത് ഇതുവരെ സര്‍വിസ് റോഡുകള്‍ നിര്‍മിച്ചിട്ടില്ല. ദേശീയപാതയുടെ ഈ ഭാഗം പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മേഖലയാണ്. സര്‍വിസ് റോഡുകള്‍ ഇല്ലാത്തതാണ് പ്രധാനമായും ഇവിടെ അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. ഇവിടെ സര്‍വിസ് റോഡുകള്‍ നിര്‍മിക്കാത്തതിനാല്‍ കാല്‍നടക്കാരും സൈക്കിള്‍ യാത്രക്കാരും അടക്കമുള്ള പ്രദേശവാസികള്‍ക്ക് ദീര്‍ഘദൂര വാഹനങ്ങള്‍ ചീറിപ്പായുന്ന അതിവേഗപാതയെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഉളുമ്പത്തുകുന്നില്‍ സര്‍വിസ് റോഡിനായി ഏറ്റെടുത്ത ഭൂമി കാടുമൂടി കിടക്കുകയാണ്. സര്‍വിസ് റോഡിനായി ഏറ്റെടുത്ത സ്ഥലത്ത് അധികൃതര്‍ ഏതാനും വര്‍ഷം മുമ്പ് തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. ഉളുമ്പത്തുകുന്ന്, കൊളത്തൂര്‍ പ്രദേശങ്ങളില്‍ സര്‍വിസ് റോഡ് നിര്‍മിക്കാതെ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ് ദേശീയപാത അതോറിറ്റി.
കൊളത്തൂര്‍ പാടത്ത് സര്‍വിസ് റോഡുകള്‍ നിര്‍മിക്കുന്നതിനുപകരം റോഡരികില്‍ റെയില്‍ ഗാര്‍ഡുകളും മൈല്‍കുറ്റികളും കൊണ്ടുള്ള സംരക്ഷണ ഭിത്തി നിര്‍മിക്കുകയാണ് അധികൃതര്‍ ചെയ്തത്. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികള്‍ ഏറുമ്പോള്‍ ദേശീയപാത അധികൃതര്‍ ഇടക്കിടെ സ്ഥലം സന്ദര്‍ശിക്കുകയും സര്‍വിസ് റോഡിന്റെയും കാനകളുടെയും പണി ഉടനടി പൂര്‍ത്തീകരിക്കുമെന്ന് പറയുകയും ചെയ്യുന്നതല്ലാതെ പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടാകുന്നില്ല. ഉളുമ്പത്തുകുന്നില്നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള കൊളത്തൂരിലേക്ക് ഓട്ടോ വിളിച്ചുപോകുന്നവര്ക്ക് മൂന്ന് കിലോമീറ്ററോളം അപ്പുറത്തുള്ള നെല്ലായി ജങ്ഷനില്‍ എത്തി റോഡുമുറിച്ചു കടന്ന് തിരികെ വരേണ്ട ഗതികേടാണുള്ളത്.
ഉളുമ്പത്തുകുന്നിനും കൊളത്തൂര്‍ സെന്ററിനും ഇടയിലുള്ള കൊളത്തൂര്‍ വെള്ളപ്പാലവും നെല്ലായിക്കടുത്തുള്ള തൂപ്പങ്കാവ് പാലവും വീതികൂട്ടി പുനര്‍നിര്‍മിച്ചാലേ ഈ മേഖലയില്‍ സര്‍വിസ് റോഡ് നിര്‍മാണം നടത്താനാവൂ. തൂപ്പങ്കാവ് പാലം വീതികൂട്ടുന്നതിന്റെ ഭാഗമായി ഏതാനും വര്‍ഷം മുമ്പ് പാലത്തിന്റെ ഒരുഭാഗത്ത് തൂണുകള്‍ നിര്‍മിച്ചെങ്കിലും തുടര്പണികള് നടന്നില്ല. വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്താന്‍ ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയും തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.