കാത്തിരിപ്പിന് ഏഴുവർഷം; സുശീലക്ക് വേണം അടച്ചുറപ്പുള്ള വീട്
text_fieldsകൊടകര: വീട് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ മറ്റത്തൂര്‍ പെരുമ്പിള്ളിച്ചിറയിലെ സുശീല തറകെട്ടി കാത്തിരിപ്പു തുടങ്ങിയിട്ട് ഏഴുവര്‍ഷം. താമസിക്കുന്ന ഓലക്കുടില്‍ കാറ്റില്‍ ചരിഞ്ഞതോടെ അയല്‍വീട്ടിലാണ് വിധവയായ ഈ വയോധിക ഇപ്പോള്‍ അന്തിയുറങ്ങുന്നത്.
ഏഴര സെൻറ് സ്ഥലമാണ് ഇവര്‍ക്കുള്ളത്. നേരത്തേ ഉണ്ടായിരുന്ന ചെറിയ ഓടിട്ട വീട് കാറ്റില്‍ മരം വീണ് തകര്‍ന്നു. തുടർന്ന് പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോള്‍ വീട് അനുവദിച്ചുതരാമെന്ന് വാക്കാല്‍ ഉറപ്പുനല്‍കിയതായി സുശീല പറയുന്നു. ഇത് വിശ്വസിച്ച ഇവര്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി വീടിനു തറകെട്ടിയെങ്കിലും ഇതുവരെ ഒരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. വീടിനായി കലക്ടർക്ക് അപേക്ഷ നല്‍കിയിരുന്നു. കലക്ടർ നല്കിയ കത്ത് പഞ്ചായത്ത് അധികാരികള്‍ക്ക് കൈമാറിയിട്ടും ഫലമുണ്ടായില്ലെന്ന് സുശീല പറയുന്നു.
2012 മുതല്‍ വീടിനുവേണ്ടി അപേക്ഷയുമായി ഇവര്‍ അധികൃത വാതിലുകളില്‍ മുട്ടാന്‍ തുടങ്ങിയതാണ്. അര്‍ഹരായവരുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും ഇതുവരെ വീട് അനുവദിച്ചുകിട്ടിയില്ല. തൊഴിലുറപ്പു പണിയില്‍നിന്നുള്ള കൂലിയെ ആശ്രയിച്ചാണ് ഇവര്‍ കഴിഞ്ഞു കൂടുന്നത്. കാട്ടുപന്നികള്‍ വിഹരിക്കുന്ന പ്രദേശമായതിനാല്‍ അടച്ചുറപ്പില്ലാത്ത കുടിലില്‍ അന്തിയുറങ്ങാന്‍ ഇവര്‍ക്ക് ഭയമാണ്.
ഓലക്കുടില്‍ കാറ്റില്‍ ചരിഞ്ഞതോടെ അയല്‍വീട്ടിലാണ് അന്തിയുറക്കം. ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്. തെൻറ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് വീട് അനുവദിച്ചുനല്‍കാന്‍ അധികാരികള്‍ തയാറാകുമെന്ന പ്രതീക്ഷയിലാണ് ഈ വയോധിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.