ആശ്വാസമായി സഹൃദയ വിദ്യാര്‍ഥികളുടെ പി.പി.ഇ കിറ്റ്
text_fieldsകൊടകര: കോവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണ് പി.പി.ഇ കിറ്റുകള്‍ ധരിച്ച് മണിക്കൂറുകളോളം ജോലിചെയ്യുക എന്നത്. അണുബാധയില്‍നിന്ന് രക്ഷ നേടാനായി ആരോഗ്യ പ്രവര്‍ത്തകര്‍ ധരിക്കുന്ന പി.പി.ഇ കിറ്റുകളുടെ കാര്യക്ഷമത വളരെ കുറവാണ്. ശുദ്ധവായുവിെൻറ ലഭ്യത കുറയുന്നതും ചൂടനുഭവപ്പെടുന്നതും ആശയവിനിമയത്തില്‍ പ്രയാസം നേരിടുന്നതുമെല്ലാം ആരോഗ്യ പ്രവര്‍ത്തകരെ അലട്ടുന്നതാണ്. ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കാണുന്നതാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത പ്രത്യേക രീതിയിലുള്ള പി.പി.ഇ കിറ്റുകള്‍.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ പ്യൂരിഫയിങ് റെസ്പിറേറ്റര്‍ (പി.എ.പി.ആര്.) സംവിധാനത്തോടു കൂടിയതാണ് ഇത്. നിലവിലുള്ള പി.പി.ഇ കിറ്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സഹൃദയ എൻജിനീയറിങ് കോളജിലെ ബയോമെഡിക്കല്‍ വിദ്യാർഥികള്‍ പുതിയ മോഡല്‍ നിര്‍മിച്ചിരിക്കുന്നത്. കിറ്റിനുള്ളിലേക്ക് വരുന്നതും പുറംതള്ളുന്നതുമായ വായുവിനെ ശുദ്ധീകരിക്കാന്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ആശയ വിനിമയത്തിനായി മൈക്കും സ്പീക്കറും ഈ കിറ്റിലുണ്ട്. സ്ക്യൂബാ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന തരം മാസ്കുകള്‍ (സ്നോര്‍ക്കലിം മാസ്ക്) രൂപമാറ്റം വരുത്തിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കാഴ്ചയ്ക്ക് തടസ്സം ഉണ്ടാകാത്തതിനാല്‍ ശസ്ത്രക്രിയ സമയത്തും ഇത് ധരിക്കാന്‍ സാധിക്കും. സാധാരണ പി.പി.ഇ കിറ്റ് ഉപയോഗിക്കുേമ്പാഴുള്ളത്ര ചൂടുണ്ടാവില്ല.
ബാറ്ററി പൂർണമായി ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ വരെ ഈ പി.പി.ഇ കിറ്റ് ഉപയോഗിക്കാനാകും. വിദേശനിർമിതമായ പവേര്‍ഡ് റെസ്പിറേറ്ററുകളെ അപേക്ഷിച്ച് ഇവര്‍ വികസിപ്പിച്ചെടുത്ത ഈ മോഡലിന് ചെലവ് കുറയും. ക്ലിനിക്കല്‍ പരിശോധനക്കും വിലയിരുത്തലുകള്‍ക്കും ശേഷം കുറഞ്ഞ വിലയില്‍ വിപണിയില്‍ പി.പി.ഇ കിറ്റ് എത്തിക്കാനാണ് പദ്ധതി. ബയോമെഡിക്കല്‍ വിഭാഗം വിദ്യാർഥികളായ എം.ബി. ലിന്‍ഡ എലിസബത്ത്, ഐശ്വര്യ എം. രാജന്, ഇ. അനന്തന്, ആശിഷ് ആൻറണി ജെയിംസ് എന്നിവര്‍ വകുപ്പ് മേധാവി ഡോ. ഫിേൻറാ റാഫേലിെൻറ നേതൃത്വത്തിലാണ് ഈ സുരക്ഷാ കവചം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.