മറ്റത്തൂരിൽ ഓളം തീർത്ത് നീന്തല്‍ സാക്ഷരത
text_fieldsകൊടകര: ഹൈസ്കൂള്‍ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന നീന്തല്‍സാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു. പഞ്ചായത്തില്‍ വിവിധ വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് നീന്തല്‍ പരിശീലിക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാര്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മുന്‍കരുതലാണ് നീന്തല്‍ പരിശീലന പദ്ധതി. പഞ്ചായത്തില്‍ മുങ്ങിമരണങ്ങൾ ആവര്‍ത്തിക്കപ്പെടരുതെന്ന ദൃഢനിശ്ചയമാണ് ഈ പരിശീലനപദ്ധതിക്കു പിന്നിലുള്ളതെന്ന് മറ്റത്തൂര്‍ പഞ്ചായത്ത് അംഗളായ ജിഷ ഹരിദാസും സീബ ശ്രീധരനും പറഞ്ഞു.
ആളൂര്‍ കുഴിക്കാട്ടുശേരി സ്വദേശി എം.എസ്. ഹരിലാലാണ് മറ്റത്തൂരിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. രണ്ടു ഘട്ടങ്ങളിലായി നൂറ്റമ്പതോളം കുട്ടികളാണ് നീന്തൽ പരിശീലനത്തില്‍ പങ്കെടുത്തത്. വെള്ളിക്കുളങ്ങര കൊടുങ്ങചിറയിലായിരുന്നു ആദ്യഘട്ട പരിശീലനം. ചെമ്പുചിറയിലെ വിസ്തൃതമായ കുളത്തില്‍ രണ്ടാം ഘട്ടം പരിശീലനം നടന്നുവരികയണിപ്പോള്. ഇതുവരെ കുളങ്ങളില്‍ ഇറങ്ങിയിട്ടില്ലാത്ത കുട്ടികള്‍ ഒരാഴ്ചത്തെ പരിശീലനത്തിലൂടെ ആഴമുള്ള കുളത്തില്‍ നീന്താന്‍ പഠിച്ചുകഴിഞ്ഞതായി ഹരിലാല്‍ പറഞ്ഞു.
മുഖ്യപരിശീലകന്‍ ഹരിലാല്‍ മൂത്തേടത്തിനൊപ്പം എ.എന്‍. സജീവന്, സി.ആര്. സോണി, എം.വി. ബിജുമോന്, നവീന്‍ പോണോളി, ഇ.ജെ. ജിനേഷ് എന്നിവരും പരിശീലകസംഘത്തിലുണ്ട്. എല്ലാ ദിവസവും രാവിലെ ആറേമുക്കാല്‍ മുതല്‍ ഏഴേമുക്കാല്‍ വരെയുള്ള ഒരു മണിക്കൂറാണ് പരിശീലന സമയം.
വായു നിറച്ച റബര്ട്യൂബിന്റെ സഹായത്തോടെ ആദ്യം നീന്തുന്ന കുുട്ടികള് പിന്നീട് ട്യൂബിന്റെ സഹായമില്ലാതെ തന്നെ നീന്താന്‍ പ്രാപ്തരാക്കുന്നതരത്തിലാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. ഓരോ ദിവസവും പരിശീലനം കഴിയുമ്പോള്‍ കുട്ടികള്‍ക്ക് ഒരു ഗ്ലാസ് പാലും നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.