മുപ്ലി പുഴയിലെ മണ്‍തുരുത്ത് ആദിവാസികള്‍ക്ക് ദുരിതമായി
text_fieldsകൊടകര: മുപ്ലി പുഴയില്‍ രൂപംകൊണ്ട മണ്‍തുരുത്ത് കാരിക്കടവ് ആദിവാസി കോളനിക്ക് ദുരിതമായി. മഴക്കാലത്ത് പുഴ ഗതിമാറി ഒഴുകി കോളനിയോട് ചേര്‍ന്നുള്ള പുഴയോരം ഇടിഞ്ഞുനശിക്കുന്നതാണ് ആദിവാസികളെ ദുരിതത്തിലാക്കുന്നത്. കുറുമാലിപുഴയുടെ കൈവഴിയായ മുപ്ലി പുഴയോരത്താണ് കാരിക്കടവ് മലയൻ കോളനി സ്ഥിതി ചെയ്യുന്നത്. വനത്തിനകത്തുള്ള ഈ കോളനിയില്‍ 15 കുടുംബങ്ങളാണുള്ളത്. മഴക്കാലത്ത് പുഴയിലുണ്ടാകുന്ന കുത്തൊഴുക്ക് മൂലം വീടുകളോട് ചേര്‍ന്ന് പുഴയോരം ഇടിഞ്ഞു നശിക്കുന്നത് ഇവിടെ പതിവാണ്. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായാല്‍ കോളനിയില്‍ വെള്ളം കയറി വീടുകള്‍ക്ക് നാശം സംഭവിക്കാറുമുണ്ട്. 2018ലെ പ്രളയത്തില്‍ കോളനിക്കു സമീപം പുഴയില്‍ മണ്ണും കല്ലും അടിഞ്ഞുകൂടി തുരുത്ത് രൂപപ്പെട്ടത് ദുരിതം ഇരട്ടിയാക്കി.
തുരുത്ത് നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനാല്‍ പുഴ ഗതി മാറി ഒഴുകിയതാണ് കോളനിയിലെ കുടുംബങ്ങള്‍ക്ക് ദുരിതം വര്‍ധിപ്പിച്ചത്. ഓരോ മഴക്കാലത്തും കോളനിയുടെ അതിര്‍ത്തിയിലെ ഭൂമി പുഴ കവര്ന്നെടുത്തുകൊണ്ടിരിക്കയാണ്. പുഴയുടെ നടുവില്‍ രൂപപ്പെട്ട തുരുത്ത് നീക്കം ചെയ്യുകയും കോളനിയോട് ചേര്‍ന്ന് പുഴയോരം കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്താല്‍ മഴക്കാലത്ത് ഭൂമി ഇടിഞ്ഞു നശിക്കുന്നതും വീടുകളിലേക്ക് വെള്ളം കയറുന്നതും ഒരു പരിധിവരെ തടയാനാകുമെന്ന് ഊരുമൂപ്പന് ചന്ദ്രന് പറഞ്ഞു.
തുരുത്തില് കുറ്റിച്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നതാണ് നീരൊഴുക്കിനു തടസ്സം സൃഷ്ടിക്കുന്നത്. ഓരോ മഴക്കാലത്തും മണ്ണും മണലും അടിഞ്ഞു കൂടി തുരുത്തിെൻറ വിസ്തൃതി വര്‍ധിക്കുകയാണ്. 2018ലെ പ്രളയത്തിനു ശേഷം മുപ്ലി പുഴയില്‍ പല ഭാഗത്തും ഇത്തരത്തിലുള്ള മണല്‍തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. തുരുത്തുകള്‍ നീക്കി പുഴയുടെ ഒഴുക്ക് സുഗമമാക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.