മൂപ്പത്താഴം നടപ്പാലം വീതി കൂട്ടി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം
text_fieldsകൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടമ്പോട് മൂപ്പത്താഴത്തുള്ള നടപ്പാലം വീതി കൂട്ടി പുനര്‍നിർമിച്ച് ഗതാഗത സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നു. പഞ്ചായത്തിലെ 12, 14 വാര്‍ഡുകളിലുള്ള കടമ്പോട്, തേമാലി ഗ്രാമം എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണിത്.
വെള്ളിക്കുളം വലിയ തോടിനു കുറുകെയുള്ള നടപ്പാലം പുനര്‍നിര്‍മിച്ചാല്‍ പ്രദേശവാസികള്‍ക്ക് കോടാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിചേരാനാകും. കവുങ്ങുകൾ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയിരുന്ന താല്‍ക്കാലിക പാലത്തെയാണ് നാട്ടുകാര്‍ നേരത്തെ ആശ്രയിച്ചിരുന്നത്. താല്‍ക്കാലിക പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായതിനാല്‍ പിന്നീട് കോണ്‍ക്രീറ്റ് നടപ്പാലം നിര്‍മിച്ചു.
കടമ്പോട് പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് തോടിനക്കരെയുള്ള പാടശേഖരത്തിലേക്ക് കാര്‍ഷികോപകരണങ്ങളും വളവും കൊണ്ടുപോകുന്നതിനും കോടാലി, കിഴക്കേ കോടാലി, നിലംപതി പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിചേരാനും നടപ്പാലം സഹായകമായി. എന്നാല്‍, വീതികുറഞ്ഞ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തതാണ് പ്രശ്‌നം.
പാലത്തിന്റെ ഇരുവശങ്ങളിലേയും ഒറ്റയടിപ്പാതകള്‍ വീതി കൂട്ടിയെങ്കിലും പാലം പുനര്‍നിര്‍മിക്കാത്തതിനാല്‍ വാഹനങ്ങള്‍ക്ക് ഇതുവഴി പോകാനാവുന്നില്ല. പാലം പുനര്‍നിര്‍മിക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.