പ്രായാധിക്യം മറന്ന് പഴയകാല ഓണക്കളിക്കാര്‍ ഒത്തുകൂടുന്നു
text_fieldsകൊടകര: നാലു പതിറ്റാണ്ട് മുമ്പുവരെ നാട്ടിന്‍പുറങ്ങളില്‍ സജീവമായിരുന്ന നാടന്‍ കലയായിരുന്നു ഓണക്കളി. ഓണ നാളുകളില്‍ വീട്ടുമുറ്റങ്ങളില്‍ ഒത്തുകൂടി പാട്ടിന്റെ താളത്തില്‍ കൈയടിച്ച് ചുവടുവെച്ച് കളിച്ചിരുന്ന പഴയകാല ഓണക്കളിയെ പുതുതലമുറക്ക് പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പ്രായാധിക്യം മറന്ന് ഒരുകൂട്ടം കലാകാരന്മാര്.
പുതിയ വിനോദങ്ങളും കലാരൂപങ്ങളും പ്രചാരത്തിലായതോടെയാണ് ഓണക്കളി പോലുള്ള നാടന്‍ കലാരൂപങ്ങള്‍ അവഗണിക്കപ്പെട്ടത്. നാട്ടിന്‍പുറങ്ങളിലെ ഓണക്കളി ടീമുകള്‍ ഇല്ലാതായി. പുതിയ ചുവടുകളും പാട്ടുകളുമായി ആധുനിക രൂപത്തിലുള്ള ഓണക്കളി ടീമുകള്‍ രംഗത്തുണ്ടെങ്കിലും പഴയ സമ്പ്രദായത്തില്‍ ചുവടുവെച്ചു കളിക്കുന്ന ചെറു ടീമുകള്‍ ഇന്നില്ല. അടുത്ത ഓണത്തിന് പഴയകാല ഓണക്കളിയെ അതിന്റെ ഗരിമ തെല്ലും കുറയാതെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കൊടകരയിലും പരിസരപ്രദേശങ്ങളിലുമുള്ള പഴയകാല ഓണക്കളിക്കാര്‍.
ഇതിനായി ജില്ലയിലെ ആദ്യകാല കളിക്കാരുടെ കൂട്ടായ്മക്ക് രൂപം നല്കി പരിശീലനം ആരംഭിച്ചിരിക്കയാണ് ഇവര്‍. നാടന്‍ രീതിയിലുള്ള ഓണക്കളിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ആദ്യകാല ഓണക്കളിക്കാരെ അവശകലാകാരന്മാരുടെ വിഭാഗത്തില്‍പെടുത്തി സര്‍ക്കാറില്‍നിന്ന് സഹായം നേടിയെടുക്കാനുമാണ് ഇവരുടെ ലക്ഷ്യം.
തൃശൂരിന്റെ കിഴക്കന്‍ മേഖലയില്‍ മാത്രമായി പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമാണ് ഓണക്കളി. ഓണ നാളുകളിലാണ് വീട്ടുമുറ്റങ്ങളില്‍ ഈ കളി അരങ്ങേറിയിരുന്നത്. ചാലക്കുടി, കൊടകര, മറ്റത്തൂര്‍, കോടാലി, അന്നനാട്, കുറ്റിച്ചിറ, കുണ്ടുകുഴിപ്പാടം, മുരുക്കുങ്ങല്‍, തേശേരി, പഞ്ഞപ്പിള്ളി, കാവനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഓണക്കളി ടീമുകള്‍ കൂടുതലായും ഉണ്ടായിരുന്നത്. ഇതില്‍ കലാകൈരളി തേശേരി, ഫ്രൻഡ്സ് കുണ്ടുകുഴിപ്പാടം, കൈരളി നായരങ്ങാടി, കോടാലി പുലരി കലാഭവന്‍, ചെട്ടിച്ചാല്‍ ഡിസ്കോ കലാഭവന്‍ തുടങ്ങി അമ്പതോളം ഓണക്കളി ടീമുകളാണ് അര നൂറ്റാണ്ട് മുമ്പ് വിവിധ പ്രദേശങ്ങളിലായി ഉണ്ടായിരുന്നത്.
ഓരോ ടീമിനും നേതൃത്വം നല്‍കുന്നത് ആശാന് എന്നു വിളിക്കുന്ന പരിചയസമ്പന്നനായ ഓണക്കളിക്കാരനായിരുന്നു. പാട്ടുകള്‍ എഴുതുന്നതും ഓരോ പാട്ടിനും അനുയോജ്യമായ ചുവടുകള്‍ക്ക് രൂപം നല്‍കുന്നതും ആശാന്മാരായിരുന്നു. ചിലയിടങ്ങളില്‍ വിവിധ ടീമുകളുടെ മത്സരക്കളിയും അരങ്ങേറിയിരുന്നു. പ്രധാനമായും രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാസന്ദര്‍ഭങ്ങളെ ആസ്പദമാക്കിയുള്ളതായിരിക്കും ഓണക്കളി പാട്ടുകള്‍. വടക്കന്‍ പാട്ടുകളില്‍നിന്നുള്ള കഥാഭാഗങ്ങളും ഓണക്കളി പാട്ടുകളില്‍ ഇടംപിടിക്കാറുണ്ട്.
തിരുവാതിരകളിയുടെ ചുവടുപിടിച്ചാണ് ഓണക്കളി രൂപപ്പെട്ടതെന്ന് ആദ്യകാല ഓണക്കളി കലാകാരനായ തേശേരി നാരായണന് പറയുന്നു. പണ്ട് സവര്‍ണ വിഭാഗങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന തിരുവാതിരകളിയില്‍ പങ്കെടുക്കാനോ ആസ്വദിക്കാനോ മറ്റു വിഭാഗക്കാര്‍ക്ക് കഴിയുമായിരുന്നില്ല. ഇതിന് ബദലായാണ് ഓണക്കളി രൂപപ്പെടുത്തിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. അക്കാലത്ത് വയറു നിറയെ ആഹാരം കിട്ടിയിരുന്നത് ഓണത്തിനു മാത്രമായിരുന്നു. വയറുനിറഞ്ഞതിന്റെ ആഹ്ലാദ പ്രകടനമായിരുന്നു അന്നത്തെ പാട്ടും കളികളും. ഓണക്കളിയും സാധാരണക്കാരുടെ ഇങ്ങനെയുള്ള ഒരു ആഹ്ലാദ പ്രകടനമായാണ് രൂപപ്പെട്ടത്. പാട്ടെഴുതി ഈണം കൊടുത്ത് ചുവടുകള്‍ ചിട്ടപ്പെടുത്തുന്ന ആശാന്മാര് കാലാകാലങ്ങളില്‍ ഈ ഓണക്കളിയില്‍ പുതിയ സമ്പ്രദായങ്ങളും ചുവടുകളും കൊണ്ടുവന്നു. മുക്കണ്ണന്, ചെമ്പട, രൂപകം, വരവീണ തുടങ്ങിയവയായിരുന്നു ആദ്യകാലത്തെ ചുവടുകള്‍.
ഓണക്കളിയെ പുതിയ തലമുറക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള ഉദ്യമത്തില്‍ പ്രായം മറന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര് പങ്കെടുക്കുന്നത്. ആഴ്ചയിലൊരു ദിവസം കൊടകരയില്‍ നടക്കുന്ന പരിശീലന കളിയില്‍ 80 പിന്നിട്ട കലാകാരന്മാര് പോലും ആവേശപൂര്ശം പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.