ശാസ്താംപൂവത്തെ ആദിവാസി കുടുംബങ്ങൾക്ക് ദാഹിക്കുന്നു
text_fieldsകൊടകര: വേനല്‍ കടുത്തതോടെ ശാസ്താംപൂവം വനത്തിലുള്ള ആനപ്പാന്തം ആദിവാസി കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കോളനിയിലെ ശുദ്ധജല പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായതും കിണറുകള്‍ വറ്റിവരണ്ടതുമാണ് 80 കുടുംബങ്ങളുള്ള കോളനി ജലക്ഷാമത്തിന്റെ പിടിയിലാകാന്‍ കാരണം. വെള്ളം കിട്ടാതായതോടെ പലകുടുംബങ്ങളും ഉള്‍ക്കാട്ടിലേക്ക് താമസം മാറ്റി.
കാട്ടില്‍നിന്ന് തേന്‍ അടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിക്കുന്ന സീസണായതിനാല്‍ ആനപ്പാന്തം കോളനിയിലെ പകുതിയിലേറെ കുടുംബങ്ങള്‍ ഉള്‍ക്കാട്ടിലാണ്. ജലക്ഷാമം രൂക്ഷമായതോടെ പലരും നേരത്തെ കോളനി സ്ഥിതി ചെയ്തിരുന്ന ആനപ്പാന്തം വനത്തില്‍ തന്നെ കഴിച്ചുകൂട്ടുകയാണ്. പരീക്ഷ കാലമായതിനാല്‍ വെള്ളിക്കുളങ്ങരയിലെ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളും രക്ഷിതാക്കളുമാണ് കോളനിയില്‍ ഇപ്പോഴുള്ളത്.
കോളനിക്ക് സമീപത്തെ വനത്തിനുള്ളിലെ വറ്റിവരണ്ട നീര്‍ച്ചോലകളിൽ കുഴികളുണ്ടാക്കി അതില്‍ നിന്നുള്ള വെള്ളമാണ് വസ്ത്രം കഴുകാനും മറ്റുമായി ഉപയോഗിക്കുന്നത്. ചില കുടുംബങ്ങള്‍ വില കൊടുത്ത് വെള്ളിക്കുളങ്ങരയില്‍നിന്ന് വാഹനത്തില്‍ ശുദ്ധജലം കൊണ്ടുവരുന്നുണ്ട്.
കാട്ടില്വനവിഭവങ്ങള് ശേഖരിക്കാന്‍ പോയി മടങ്ങിയവരും കാട്ടുചോലകളില്നിന്ന് കന്നാസുകളില്‍ കോളനിയിലേക്ക് ശുദ്ധജലം കൊണ്ടുവന്നും ചിലർ കഴിഞ്ഞുകൂടുന്നുണ്ട്. 2014ല്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് അനുവദിച്ച് 46 ലക്ഷം രൂപ വിനിയോഗിച്ച് കോളനിയില്‍ കുടിവെള്ള പദ്ധതി സ്ഥാപിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമയി കോളനിയെ രണ്ടിടങ്ങളില്‍ കുഴല്‍കിണറുകള്‍ നിര്‍മിക്കുകയും ഉയര്‍ന്ന ഭാഗത്ത് ജലസംഭരണി സ്ഥാപിക്കുകയും ചെയ്തു. പദ്ധതിയില്‍നിന്ന് മുഴുവന്‍ വീടുകളിലേക്കും പൈപ്പ് കണക്ഷന് നല്‍കിയാണ് ജലവിതരണം ആരംഭിച്ചത്. എന്നാല്‍ വേനല്രൂക്ഷമാകുമ്പോള് പമ്പിങ്ങിന് ആവശ്യമായ വെള്ളംകിട്ടാതെ പദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലാവും.
മോട്ടോറും വിതരണ പൈപ്പിലെ വാല്‍വും തകരാറിലായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടിവെള്ള പദ്ധതിയും സ്തംഭനാവസ്ഥയിലാണ്. ആനപ്പാന്തം കോളനിയിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആദിവാസി ക്ഷേമ സമിതി ജില്ല സെക്രട്ടറി യു.ടി. തിലകമണി ആവശ്യപ്പെട്ടു.
ജലക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ മറ്റത്തൂര്‍ പഞ്ചായത്തോഫിസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ജില്ല സെക്രട്ടറി യു.ടി. തിലകമണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.