ചക്കപപ്പടവുമായി ആദിവാസി വീട്ടമ്മമാർ
text_fieldsകൊടകര: രുചിയേറിയ ചക്കപപ്പടം ഉണ്ടാക്കുന്ന തിരക്കിലാണ് കാരിക്കടവ് ആദിവാസി കോളനിയിലെ ഒരുകൂട്ടം വനിതകള്‍. യുവതികളും വയോധികരുമടങ്ങിയ പതിനഞ്ചോളം പേരാണ് സ്വയം തൊഴില്‍ എന്ന നിലയില്‍ ചക്കപപ്പടം നിര്‍മിക്കുന്നത്.
വനംവകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാരിക്കടവ് വനസംരക്ഷണ സമിതിയുടെ കീഴിലാണ് ഇവര്‍ പപ്പട നിര്‍മാണം നടത്തുന്നത്. ഇതിനാവശ്യമായ പരിശീലനം നല്‍കിയതും വനസംരക്ഷണ സമിതി തന്നെ. പപ്പട നിര്‍മാണത്തിനാവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവായ ചക്ക കോളനിയില്‍നിന്ന് തന്നെയാണ് ഇവര്‍ ശേഖരിക്കുന്നത്. നല്ല മൂപ്പുള്ള ചക്കക്കുരുവും ചവിണിയും നീക്കം ചെയ്ത ശേഷം പുഴുങ്ങിയെടുത്താണ് പപ്പടത്തിനായി ഇടിച്ചുപരത്തുന്നത്.
വേവിച്ച ചക്കയില്‍ എള്ളും ഉപ്പും മാത്രമാണ് ചേര്‍ക്കുന്നത്. ഇത് പപ്പടത്തിന്റെ ആകൃതിയില്‍ പരത്തിയ ശേഷം വെയിലില്‍ ഉണക്കിയെടുക്കുന്നു. കഴിഞ്ഞ വര്‍ഷം പരിശീലനം ലഭിച്ചെങ്കിലും കോവിഡ് മൂലം പപ്പടം ഉണ്ടാക്കി വിപണിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാലാവസ്ഥ വ്യതിയാനം മൂലം ഈ വര്‍ഷം വേനലില്‍ പ്ലാവുകളില്‍ ചക്ക ഉണ്ടാകാന്‍ വൈകിയത് പപ്പട നിര്‍മാണം വൈകാനും കാരണമായി. ഉണക്കി പാക്കറ്റുകളിലാക്കിയെടുക്കുന്ന ചക്കപപ്പടത്തിന്റെ വിപണന ചുമതല വനസംരക്ഷണ സമിതി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.