അസൗകര്യങ്ങള്‍ക്ക് നടുവില്‍ വെള്ളിക്കുളങ്ങര ബസ് സ്റ്റാന്‍ഡ്
text_fieldsകൊടകര: അസൗകര്യങ്ങളാൽ വീര്‍പ്പുമുട്ടി വെള്ളിക്കുളങ്ങര ബസ് സ്റ്റാന്‍ഡ്. മറ്റത്തൂര്‍, കോടശ്ശേരി പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ബസ് സ്റ്റാന്‍ഡിനെ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
കെ.എസ്.ആര്‍.ടി.സി ഉൾപ്പെടെ തൃശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുന്ന മുപ്പതോളം ബസുകള്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാൻ സൗകര്യമില്ലെന്നതാണ് പ്രധാന പ്രശ്‌നം. രണ്ട് ശുചിമുറികള്‍ ഉണ്ടെങ്കിലും ഇവ വൃത്തിയായി പരിപാലിക്കാത്തതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 40 ലക്ഷം രൂപയോളം ചെലവില്‍ പുതിയ ബസ് ഷെല്‍ട്ടര്‍ നിർമിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും യാത്രക്കാര്‍ക്ക് ഇരിക്കാൻ സൗകര്യമില്ല. ഇതുമൂലം പ്രായമായവരും ഭിന്നശേഷിക്കാരും ഗര്‍ഭിണികളുമായ യാത്രക്കാര്‍ ഏറെ ദുരിതം അനുഭവിക്കുന്നു.
യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കാൻ പുതിയ കെട്ടിടത്തില്‍ നീക്കിവെച്ച സ്ഥലം ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായി മാറി. ബസ് സ്റ്റാൻഡിൽ വൈദ്യുതി കണക്ഷന്‍ ലഭ്യമാകാത്തതും യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നു.
ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ വൃത്തിഹീനമായ സാഹചര്യമാണ്. യാത്രക്കാര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.